സ്വകാര്യ ഫ്ലാറ്റിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍
തിരുവനന്തപുരം ആക്കുളത്ത് സ്വകാര്യ ഫ്ലാറ്റില്‍ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ ഫ്ലാറ്റിന്റെ ഗേറ്റുകൾ പൂട്ടിയിട്ട് പ്രതിഷേധിച്ചു.
തിരുവനന്തപുരം ആക്കുളത്ത് സ്വകാര്യ ഫ്ലാറ്റില്‍ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ ഫ്ലാറ്റിന്റെ ഗേറ്റുകൾ പൂട്ടിയിട്ട് പ്രതിഷേധിച്ചു. പൊലീസും നഗരസഭയും ഇടപെട്ടതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്.
തിരുവനന്തപുരം ആക്കുളം നിഷിന് സമീപം കുന്നക്കോട് റോഡിലേക്കാണ് സ്വകാര്യ ഫ്ലാറ്റിലെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത്. 300 ഓളം കുടുംബങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നു. റോഡിലേക്കൊഴുക്കുന്ന മലിനജലം നിഷ് കാമ്പസിനുള്ളിലേക്കാണ് ഒഴുകി എത്തുന്നത്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പ്രതിഷേധിച്ചെങ്കിലും ഫ്ലാറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നു.
ഫ്ലാറ്റിന്റെ ഗേറ്റ് പൂട്ടിയുള്ള പ്രതിഷേധത്തെ തുടർന്ന് പോലീസ് എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണറും നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.