വളാഞ്ചേരി നഗരസഭാ അധ്യക്ഷ ഷാഹിന രാജിവെച്ചു
ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുന്നതായാണ് പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
വളാഞ്ചേരി നഗരസഭാ അധ്യക്ഷ എം ഷാഹിന ടീച്ചര്‍ മുസ്‍ലിം ലീഗ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കി. ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കുന്നതായാണ് പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. പാര്‍ട്ടിയുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം.
പാര്‍ട്ടിയോടും ഭരണകക്ഷി കൗണ്‍സിലര്‍മാരോടും ആലോചിക്കാതെ ഷാഹിന ടീച്ചര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന പരാതി ഏറെക്കാലമായി നേതൃത്വത്തിനുണ്ട്. ഒരു വിഭാഗം ഭരണപക്ഷ കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണും തമ്മിലുള്ള പോരിന് പൊതുവേദികള്‍ പോലും ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി.
പാര്‍ട്ടി നേതൃത്വം ഇടപെട്ട് പലതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. മന്ത്രി കെ ടി ജലീലിന്റെ നിര്‍ദേശങ്ങള്‍ അതേപടി നടപ്പാക്കുന്നുവെന്ന വിമര്‍ശനവും ലീഗ് നേതൃത്വം ഷാഹിനക്കെതിരെ ഉന്നയിച്ചു.
പാര്‍ട്ടിയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന ഘട്ടത്തിലാണ് ഷാഹിന ടീച്ചര്‍ രാജിക്കത്ത് നല്‍കിയത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കരുതെന്ന് പാര്‍ട്ടി അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിയും ഭരണപക്ഷ കൗണ്‍സിലര്‍മാരും പിന്തുണ നല്‍കാത്തത് കൊണ്ടാണ് രാജിയെന്ന് ഷാഹിന ടീച്ചര്‍ പറഞ്ഞു.
രാജിക്കത്ത് നാളെ നഗരസഭാ സെക്രട്ടറിക്ക് നല്‍കും. 33 അംഗ വളാഞ്ചേരി നഗരസഭയില്‍ യുഡിഎഫിന് 21 ഉം എല്‍ഡിഎഫിന് 12 ഉം അംഗങ്ങളാണുള്ളത്.