പ്രളയക്കെടുതി തടയുന്നതില്‍ ജലവിഭവവകുപ്പിന് വീഴ്ച പറ്റി

വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിക്കുന്നതിന് കേന്ദ്ര ജല കമ്മീഷന് അപേക്ഷ നല്‍കിയില്ല. പ്രളയ സാധ്യത പഠിക്കാനുള്ള നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് നടപ്പാക്കിയില്ല

Update: 2018-09-04 08:12 GMT
Advertising

പ്രളയവുമായി ബന്ധപ്പെട്ട് ജല വിഭവവകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര പിഴവുകളുണ്ടായെന്ന് വിലയിരുത്തല്‍. തമിഴ്നാട്ടില്‍ നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിക്കാനാകാത്തത്, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ തുറക്കാത്തത് എന്നിവ നിര്‍ണായക വീഴ്ചകളായി. വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ കേന്ദ്ര ജല കമ്മീഷന് നല്‍കിയില്ല, ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ച കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നിവയിലും പ്രതിസ്ഥാനത്ത് ജലവിഭവവകുപ്പാണ്.

ചാലക്കുടി, തൃശൂര്‍ ഭാഗങ്ങളെ പ്രളയത്തിലാക്കിയ പെരിങ്ങല്‍കൂത്ത് ഡാം നിറഞ്ഞൊഴുകാന്‍ കാരണം അപ്പര്‍ ഷോളയാര്‍, പറന്പിക്കുളം ഡാമുകള്‍ തമിഴ്നാട് തുറന്നു വിട്ടതാണ്. ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം കേരത്തിനായിട്ടും ജലമൊഴുക്ക് നിയന്ത്രിക്കാനുള്ള ഇടപെടല്‍ നടത്തിയില്ല. ഇടമലയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനും ഇത് കാരണമാണ്. കുട്ടനാടിനെ ഇപ്പോഴും വെള്ളത്തിന് നിര്‍ത്തുന്നതിന് കാരണമായത് തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ തുറക്കാത്തതാണ്. ഇതും ജല വകുപ്പിന്‍റെ വീഴ്ച തന്നെ.

തുറക്കുന്നത് സംബന്ധിച്ച് ഓരോ ഡാമിനും പ്രത്യേകം എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നാണ് കേന്ദ്ര ജല കമ്മീഷന്‍റെ നിര്‍ദേശം. സിഎജി റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും സംസ്ഥാനത്ത് ഒരു ഡാമിനും ഇത്തരമൊരു പദ്ധതി തയാറാക്കിയിട്ടില്ല. വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കുന്നതിനുള്ള അപേക്ഷ രണ്ട് വര്‍ഷമായി നല്‍കാത്ത കേരളം നഷ്ടപ്പെടുത്തിയത് പ്രളയത്തെ മുന്‍കൂട്ടി കാണാനുള്ള സാധ്യതയാണ്. പ്രളയ സാധ്യത പഠിക്കാനുള്ള കേന്ദ്ര പദ്ധതി നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് നടപ്പാക്കിയില്ല, വൈദ്യുതി വകുപ്പുമായി ചേര്‍ന്ന ഉന്നതതല യോഗം നടത്തിയില്ല എന്നിങ്ങനെ ജല വിഭവ വകുപ്പിന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ ഗുരുതരമാണെന്ന വിലയിരുത്തലാണ് പൊതുവെ ഉയരുന്നത്.

പ്രളയ ദുരന്തത്തെ മഹാദുരന്തമാക്കിയത് ഡാംമാനേജ് മെന്റിലെ പിഴവാണെന്ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രിമാരും പറഞ്ഞു. ഓരോ ഡാം തുറക്കുന്നതിനും പ്രത്യേക മാനദണ്ഡം സംസ്ഥാനം തയാറാക്കിയില്ല. അതി തീവ്ര മഴ പ്രവചിച്ചില്ല എന്ന സാങ്കേതിക ന്യായത്തിൽ പിടിച്ചു തൂങ്ങാൻ കഴിയില്ലെന്നും മുന്‍ ജലവിഭവ വകുപ്പ് മന്ത്രിമാരായ എന്‍‌ കെ പ്രേമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി ജെ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി.

പത്തനംതിട്ടയിലെ പമ്പ, റാന്നി, ചെങ്ങന്നൂര്‍ മേഖലകളിലെ വെള്ളത്തിലാക്കിയ പമ്പ കക്കി ഡാം തുറന്നുവിടലിലാണ് ഏറ്റവും കൂടുതല്‍ വീഴ്ച സംഭവിച്ചതെന്ന് എന്‍ കെ പ്രേമ ചന്ദ്രന്‍ എം പി പറഞ്ഞു. ഡാമുകള്‍ തുറന്നുവിടുന്നതിന് ഒരു മുന്നറിയിപ്പും നല്‍കിയില്ല. തുറന്നുവിട്ട വെള്ളത്തിന്‍റെ അളവ് 4.3 ദശലക്ഷം ഘന അടിയില്‍ നിന്ന് 86 ദശലക്ഷം ഘന അടിയാക്കി ഒറ്റയടിക്ക് ഉയര്‍ത്തിയെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.

Tags:    

Similar News