പി.കെ ശശിക്കെതിരെ കേസെടുക്കുന്നതില്‍ ഡി.ജി.പി നിയമോപദേശം തേടി
യുവതി നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. പരാതി തൃശൂര്‍ റേഞ്ച് ഐജിക്ക് നേരത്തെ കൈമാറിയിരുന്നു
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കുന്നതിനെക്കുറിച്ച് ഡി.ജി.പി നിയമോപദേശം തേടി. പീഡനത്തിനിരയായ ഡി.വൈ.എഫ്.ഐ വനിത നേതാവ് നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. പരാതി ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം നേതൃത്വം യുവതിക്ക് ഉറപ്പ് നല്‍കി.
പി.കെ ശശി എം.എല്‍.എ ക്കെതിരായ ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. യുവതി നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയത്. പരാതി തൃശൂര്‍ റേഞ്ച് ഐജിക്ക് നേരത്തെ കൈമാറിയിരുന്നു.
ഇതിനിടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എമ്മുമായി അടുപ്പമുള്ള ഒരു പബ്ലിക് പ്രോസിക്യൂട്ടറും സഹകരണ ബാങ്ക് ജീവനക്കാരനും ചേര്‍ന്ന് പരാതിക്കാരിയുടെ സുഹൃത്തുക്കളെ സമീപിച്ചു. രണ്ടരക്കോടി രൂപ ഇവര്‍ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. എന്നാല്‍ ഇടനിലക്കാരുമായി ചര്‍ച്ച നടത്താന്‍ പരാതിക്കാരിയുടെ സുഹൃത്തുക്കള്‍ തയ്യാറായില്ല. ഇതിനിടെ പി.കെ ശശിക്കെതിരെ നടപടി ഉണ്ടാക്കുമെന്ന് യുവതിക്കും രക്ഷിതാക്കള്‍ക്കും സി.പി.എം സംസ്ഥാന നേതൃത്വം ഉറപ്പു നല്‍കി. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു. കര്‍ശന നടപടി ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദനും പ്രതികരിച്ചു.
പരാതി നിയമപരമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ യുവതി വനിത കമ്മിഷനെ സമീപിക്കണമെന്ന വാദം വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ആവര്‍ത്തിച്ചു. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നടപടി സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സി.പി.എം പ്രാദേശിക നേതാക്കളുടെ മറ്റൊരു സംഘം കഴിഞ്ഞ ദിവസം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടെ സുഹൃത്തുക്കളെ സമീപിച്ചിരുന്നു.