ജര്‍മ്മന്‍ യാത്രാ വിവാദം; തെറ്റ് ഏറ്റ് പറഞ്ഞ് മന്ത്രി കെ.രാജു
പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിക്കുന്നതായും രാജു കൗൺസിൽ യോഗത്തിൽ പറഞ്ഞു
ജര്‍മ്മന്‍ യാത്രാ വിവാദത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിലിൽ തെറ്റ് ഏറ്റ് പറഞ്ഞ് മന്ത്രി കെ.രാജു. പാർട്ടി സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിക്കുന്നതായും രാജു കൗൺസിൽ യോഗത്തിൽ പറഞ്ഞു. പ്രളയകാലത്തെ യാത്ര, പാർട്ടിയെ പ്രതിരോധത്തിലാക്കി എന്ന് ചൂണ്ടിക്കാട്ടി രാജുവിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി. പ്രളയ ദുരന്തകാലത്ത് ജർമ്മനിക്ക് പോയ വനം മന്ത്രി കെ.രാജുവിനെ അനുകൂലിക്കാൻ സംസ്ഥാന കൗൺസിലിൽ ആരും ഉണ്ടായില്ല. യാത്രക്കിടയിൽ രാജുവിനെ മടക്കി വിളിച്ചതും എക്സിക്യൂട്ടീവ് കൈക്കൊണ്ട അച്ചടക്ക നടപടിയും ഉചിതമായി എന്നായിരുന്നു പൊതു അഭിപ്രായം.
മന്ത്രിയുടെ യാത്ര പാർട്ടിയെ പ്രതിരോധത്തിലാക്കി, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്നിങ്ങനെയായിരുന്നു രാജുവിനെതിരെയുള്ള വിമർശനങ്ങൾ. തെറ്റ് ഏറ്റ് പറഞ്ഞ മന്ത്രി കെ.രാജു പരസ്യമായി ശാസിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായും അറിയിച്ചു. മിച്ചഭൂമി തരം മാറ്റാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട വിജയൻ ചെറുകരയെ കുറ്റവിമുക്തനാക്കി.
സംഭവത്തെ കുറിച്ച് അന്വേഷിച്ച വി.ചാമുണ്ണി കമ്മീഷൻ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചു. വിജയൻ ചെറുകര ബോധപൂർവ്വം തെറ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ട് വയനാട് ജില്ലാ കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിക്കുന്നതോടെയേ വിജയൻ ചെറുകര നടപടിയിൽ നിന്ന് മുക്തനാകൂ. ചീഫ് വിപ്പ് പദവി സംസ്ഥാന കൗൺസിലിന്റെയും അജണ്ടയിലില്ല.