പ്രളയത്തിന്റെ മറവില്‍ കൂടരഞ്ഞിയില്‍ വ്യാപക മരംമുറി
പ്രളയ ബാധിത പ്രദേശങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാമെന്ന ഉത്തരവ് ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം.
പ്രളയത്തിന്റെ മറവില്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ വ്യാപകമായി മരംമുറിച്ച് കടത്തുന്നതായി പരാതി. പ്രളയ ബാധിത പ്രദേശങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാമെന്ന ഉത്തരവ് ദുരുപയോഗം ചെയ്യുന്നതായാണ് ആക്ഷേപം. ഈ ഉത്തരവിന്റെ മറവില്‍ വേഗത്തില്‍ പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയെടുക്കുകയാണ്.
യാതൊരു അപകട സാധ്യതയും ഇല്ലാത്തയിടത്തെ മരങ്ങള്‍ പോലും മുറിച്ചു നീക്കുന്നുവെന്നാണ് പരാതി. വര്‍ഷങ്ങള്‍ പഴക്കമുള്ള വലിയ മരങ്ങള്‍ ഇത്തരത്തില്‍ മുറിച്ചു നീക്കിയതായാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം . മരഞ്ചാട്ടി മാങ്കയം പാലത്തിന് സമീപം ഇത്തരത്തില്‍ മരം മുറിച്ചതിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജലനിധി കുടിവെള്ള പദ്ധതിക്ക് ഭീഷണിയാണെന്ന് കാട്ടിയായിരുന്നു ഇവിടുത്തെ മരം മുറി.
ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ മരം മുറിക്കുന്നതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത്തരകാര്‍ക്ക് മാത്രമാണ് മരം മുറിക്കാനുള്ള അനുമതി നല്‍കിയതെന്നാണ് പഞ്ചായത്ത് നിലപാട്.