പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണ പരാതി ഒതുക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനും രംഗത്ത്
പാലക്കാട്ടെ ഒരു പബ്ലിക് പ്രൊസിക്യൂട്ടറും സഹകരണ ബാങ്ക് ജീവനക്കാരനുമാണ് പണവുമായി പരാതിക്കാരിയുടെ സുഹൃത്തുക്കളെ സമീപിച്ചത്.
പി.കെ ശശി എം.എൽ.എക്കെതിരായ ലൈംഗിക ആരോപണ പരാതി ഒതുക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനും രംഗത്ത്. പാലക്കാട്ടെ ഒരു പബ്ലിക് പ്രൊസിക്യൂട്ടറും സഹകരണ ബാങ്ക് ജീവനക്കാരനുമാണ് പണവുമായി പരാതിക്കാരിയുടെ സുഹൃത്തുക്കളെ സമീപിച്ചത്. ശശിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരാതിക്കാരിക്ക് സി.പി.എം നേതൃത്വം ഉറപ്പു നൽകി. കർശന നടപടി ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദനും പ്രതികരിച്ചു.
സി.പി.എം നേതാവും എം.എല്‍.എയുമായ പി.കെ ശശിക്കെതിരായ പരാതി ഒത്തുതീർപ്പാക്കാൻ പാര്‍ട്ടി കേന്ദ്രങ്ങളും ശശിയുമായി അടുപ്പമുള്ളവരും ഊര്‍ജ്ജിത ശ്രമമാണ് നടത്തുന്നത്. ഒരു പബ്ലിക് പ്രോസിക്യൂട്ടറും സഹകരണ ബാങ്ക് ജീവനക്കാരനും ചേര്‍ന്ന് പരാതിക്കാരിയുടെ സുഹൃത്തുക്കളെ ഇന്നലെ സമീപിച്ചു. രണ്ടരക്കോടി രൂപ ഇവര്‍ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. എന്നാൽ ഇടനിലക്കാരുമായി ചര്‍ച്ച നടത്താന്‍ പരാതിക്കാരിയുടെ സുഹൃത്തുക്കൾ തയ്യാറായില്ല. ഇതിനിടെ പി.കെ ശശിക്കെതിരെ നടപടി ഉണ്ടാക്കുമെന്ന് യുവതിക്കും രക്ഷിതാക്കൾക്കും സി.പി.എം സംസ്ഥാന നേതൃത്വം ഉറപ്പു നൽകി. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിഷയമായതിനാൽ കർശന നടപടി ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദനും പ്രതികരിച്ചു.
നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നടപടി സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. സി.പി.എം പ്രാദേശിക നേതാക്കളുടെ മറ്റൊരു സംഘം കഴിഞ്ഞ ദിവസം കേസ് ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയുടം സുഹൃത്തുക്കളെ സമീപിച്ചിരുന്നു.