പി.വി അന്‍വറിന്റെ പാര്‍ക്കിലെ നിര്‍മ്മാണം നിര്‍ത്താന്‍ കലക്ടര്‍ ഉത്തരവിട്ടു
അനധികൃത നിര്‍മാണം നടത്തിയെന്നും നിര്‍മാണം അശാസ്ത്രീയമാണെന്നും കലക്ടര്‍ യു.വി ജോസ് വ്യക്തമാക്കി.
പി വി അന്‍വര്‍ എം.എല്‍.എയ്ക്ക് വീണ്ടും തിരിച്ചടി. കക്കാടംപൊയിലിലെ പാര്‍ക്കില്‍ നടത്തിവന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. പാര്‍ക്കില്‍ വ്യാപകമായുണ്ടായ മണ്ണിടിച്ചില്‍ മറച്ച് വെയ്ക്കാനായി അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനം നടത്തിയതായുള്ള പരാതികള്‍ ശരിയാണെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
കനത്ത മഴയില്‍ പാര്‍ക്കില്‍ എട്ടിടത്തായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായുള്ള വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത് മറച്ച് വെയ്ക്കാനായി അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ താമരശ്ശേരി തഹസില്‍ദാര്‍ പാര്‍ക്കില്‍ വ്യാപക മണ്ണിടിച്ചില്‍ നടന്നതായും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതായും ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പാര്‍ക്ക് സന്ദര്‍ശിച്ചു. പിന്നാലെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കലക്ടര്‍ യു.വി ജോസ് വിളിച്ചു ചേര്‍ത്തു. ഇതിലാണ് നിര്‍മാണം അടിയന്തരമായി നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം.
പാര്‍ക്കിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ തടഞ്ഞിരുന്നു. പാര്‍ക്കിലെ ജലസംഭരണികളില്‍ നിന്ന് വെള്ളം പൂര്‍ണമായും തുറന്ന് വിടണമെന്ന മുന്‍ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ലെന്ന് കലക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. അതിനാല്‍ വെള്ളം പൂര്‍ണമായും നീക്കാനും ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനത്തിലെ കണ്ടെത്തലുകള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നാളെ കൈമാറും.