തെറ്റ് ചെയ്തിട്ടില്ല; അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കുമെന്ന് പി.കെ ശശി
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ അന്വേഷണം നേരിടാനുള്ള കമ്യൂണിസ്റ്റ് ആര്‍ജവമുണ്ടെന്ന് പി.കെ ശശി എം.എല്‍ എ. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും എംഎല്‍എ
തനിക്കെതിരായ ലൈംഗിക ആരോപണ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പി.കെ ശശി എം.എല്‍ എ. ഏത് അന്വേഷണത്തെയും കമ്മ്യൂണിസ്റ്റ് ആര്‍ജവത്തോടെ നേരിടുമെന്നും എം.എല്‍.എ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല. അച്ചടക്ക നടപടിയുണ്ടായാല്‍ സ്വീകരിക്കും. പാര്‍ട്ടിയിലെ കാര്യങ്ങള്‍ പുറത്ത് പറയില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും എം.എല്‍.എ പറഞ്ഞു.
ലൈംഗികാരോപണ വിവാദം കത്തി നില്‍ക്കുന്നതിനിടെ പി.കെ ശശി ചെര്‍പ്പുളശ്ശേരിയില്‍ രണ്ട് പൊതുപരിപാടികളില്‍ പങ്കെടുത്തു. മുദ്രാവാക്യം വിളികളോടെ എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ വരവേറ്റു. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന നിലപാട് ശശി ആവര്‍ത്തിച്ചു
അതേസമയം പി.കെ ശശിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പി.കെ ശശിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്കും, മഹിള കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. ഡി.ജി.പിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു, വനിതാ കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ചാണക വെള്ളം തളിച്ചാണ് പ്രതിഷേധിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. മൂന്നാഴ്ച മുമ്പ് തന്നെ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. വിവാദം കത്തി നില്‍ക്കെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം കമ്മീഷന് സെക്രട്ടറിയേറ്റ് നല്‍കിയേക്കും. അതേസമയം ഈ മാസം 30 നും അടുത്ത മാസം ഒന്നിനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.