സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്: പി.കെ ശശി എം.എല്‍.എക്കെതിരായ പീഡന പരാതി ചര്‍ച്ചയാകും
കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എസ്. രാമചന്ദ്രന്‍ പിള്ള. പി.കെ ശശിക്കെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നു... ഡി.ജി.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്..
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ പീഡനപരാതി വിവാദമായിരിക്കെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മൂന്നാഴ്ച മുന്‍പ് തന്നെ പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴി എടുക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. വിവാദം കത്തി നില്‍ക്കെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ദ്ദേശം കമ്മീഷന് സെക്രട്ടറിയേറ്റ് നല്‍കിയേക്കും.
അതേസമയം പി.കെ ശശിക്കെതിരായ പരാതി കിട്ടിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ യെച്ചൂരി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയെന്ന വികാരമാണ് നേതാക്കള്‍ക്കുള്ളത്. അതുകൊണ്ട് യെച്ചൂരിക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടാകാനും സാധ്യതയുണ്ട്.
പി.കെ ശശിക്കെതിരായ ലൈംഗികാരോപണ കേസില്‍ കേന്ദ്രനേതൃത്വം ഇടപെടുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് നടപടികൾ ആരംഭിച്ചിരുന്നതായി എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മൂന്നാംതീയതി തന്നെ പരാതി ലഭിച്ചപ്പോള്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും പരാതിക്കാരിക്ക് വേണമെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
അതിനിടെ പി.കെ ശശി എം.എൽ.എക്കെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ലൈംഗിക പീഡന ആരോപണത്തില്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്ന് ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10.30നാണ് പ്രതിഷേധ മാര്‍ച്ച്. ഷൊർണൂർ ഡി.വൈ.എസ്.പി ഓഫീസിലേക്കും കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് മാര്‍ച്ച് നടത്തും. എം.എല്‍.എമാരായ ഷാഫി പറമ്പിൽ, വി.ടി ബൽറാം എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
ഡി.വൈ.എഫ്.ഐ വനിത നേതാവിന്റെ പീഡന ആരോപണത്തില്‍ ശശിക്കെതിരെ കെ.എസ്.യു നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ഡി.ജി.പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു. ചെറുപ്പുളശ്ശേയിൽ നടക്കുന്ന രണ്ട് പൊതുപരിപാടികളിൽ പി.കെ ശശി പങ്കെടുക്കും.