പി.കെ ശശിക്കെതിരെ നിയമ നടപടി വേണമെന്ന് വി.എസ്; പൊലീസിനെ പിരിച്ചുവിട്ട് മന്ത്രി അന്വേഷിക്കട്ടേയെന്ന് ചെന്നിത്തല
സി.പി.എം നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് പൊലീസിനെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലന്‍ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതെന്നും പരിഹസിച്ചു.
ലൈംഗികാരോപണം ഉയര്‍ന്ന പി.കെ ശശിക്കെതിരെ നിയമ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്തെ നിയമമനുസരിച്ച് നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രി എങ്ങനെ യുവതിയുടെ പരാതി അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. യുവതിയുടെ പരാതി മറച്ചുവെച്ചുവെന്ന ആരോപണം നിഷേധിച്ച് സി.പി.എം പിബി അംഗം ബൃന്ദകാരാട്ട് രംഗത്തെത്തി. ഇതേസമയം, ചെര്‍പ്പുളശ്ശേരിയില്‍ പി.കെ ശശിയെ സി.പി.എം പ്രവര്‍ത്തകര്‍ രക്തഹാരം നല്‍കി സ്വീകരിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കയച്ച കത്തിലാണ് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍, പി.കെ ശശിക്കെതിരെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമം അനുസരിച്ചുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. യുവതി നല്‍കിയ പരാതി സി.പി.എം കമ്മീഷന്‍ വെച്ച് അന്വേഷിക്കുന്നതിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. പരാതി അന്വേഷിക്കാന്‍ നിയമ മന്ത്രി എ.കെ ബാലനെയും പി.കെ ശ്രീമതി എം.പിയേയും ചുമതലപ്പെടുത്തിയ സി.പി.എം നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് പൊലീസിനെ പിരിച്ചു വിട്ടശേഷം മന്ത്രി ബാലന്‍ ഈ കേസ് അന്വേഷിക്കുന്നതാവും ഉചിതെന്നും പരിഹസിച്ചു. അതിനിടെ യുവതിയുടെ പരാതി പൂഴ്ത്തിയെന്ന ആരോപണം നിഷേധിച്ച് സി.പി.എം പിബി അംഗം ബൃന്ദകാരാട്ട് രംഗത്തെത്തി.
വിവാദം കത്തി നില്‍ക്കുന്നതിനിടെ പി.കെ ശശി ചെര്‍പ്പുളശ്ശേരിയില്‍ രണ്ട് പൊതുപരിപാടികളില്‍ പങ്കെടുത്തു. മുദ്രാവാക്യം വിളികളോടെ എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ വരവേറ്റു. പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പി.കെ ശശിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഷൊര്‍ണ്ണൂർ ഡി.വൈ.എസ്.പി ഓഫീസിലേക്കും, മഹിള കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് ഡി.ജി.പിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ കമ്മീഷന്‍ ഓഫീസിലേക്ക് കെ.എസ്.യുവും മാര്‍ച്ച് നടത്തി.