പ്രളയത്തിന് ശേഷം വെള്ളം ക്രമാതീതമായി ഉള്‍വലിയുന്നത് ബോട്ടുകള്‍ക്ക് ഭീഷണിയാകുന്നു
ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ ഇന്ന് രാവിലെ മുതല്‍ ആലപ്പുഴ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്നതിന് പകരം മാതാ ജെട്ടിയില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്.
പ്രളയത്തിന് ശേഷം വെള്ളം ക്രമാതീതമായി ഉള്‍വലിയുന്ന പ്രതിഭാസം ആലപ്പുഴയില്‍ ബോട്ട് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നു. ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോട്ടുകള്‍ ഇന്ന് രാവിലെ മുതല്‍ ആലപ്പുഴ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്നതിന് പകരം മാതാ ജെട്ടിയില്‍ നിന്നാണ് സര്‍വീസ് നടത്തുന്നത്.
കഴിഞ്ഞ ദിവസം മുതലാണ് ആലപ്പുഴ നഗരത്തിന് നടുവിലൂടെയുള്ള കനാലുകളിൽ അസാധാരണമായ രീതിയിൽ വെള്ളം താഴാൻ തുടങ്ങിയത്. ഇന്നലെ വൈകിട്ടോടെ തന്നെ ജെട്ടിയിൽ നിന്നുള്ള ബോട്ട് ഗതാഗതം ഭാഗികമായി നിർത്തിവെച്ചു. കനാലില്‍ നിന്ന് വെള്ളം വലിഞ്ഞ് ആഴം കുറഞ്ഞ് ബോട്ടുകൾ അടുക്കാൻ കഴിയാത്തതിനാലായിരുന്നു ഇത്. വെളളം വലിയൽ മുൻപും ഉണ്ടാവാറുണ്ടെങ്കിലും ഈ സമയത്ത് ഇത് അസാധാരണമായ പ്രതിഭാസമാണ്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന കനാലുകളിലാണ് ഇങ്ങനെ അസാധാരണമായി വെള്ളം വലിയുന്നത്. ആലപ്പുഴയ്ക്കു പറമെ എറണാകുളത്തും സമാനമായ പ്രശ്നം നേരിടുന്നുണ്ടെന്ന് ജലഗതാഗതവകുപ്പ് പറയുന്നു.