കസ്തൂരിരംഗൻ കരട് വിജ്ഞാപനം; പുതുക്കി ഇറക്കുമ്പോള്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ല

ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. 

Update: 2018-09-08 08:20 GMT
Advertising

കസ്തൂരിരംഗൻ കരട് വിജ്ഞാപനം പുതുക്കി ഇറക്കുമ്പോള്‍ കൂടുതല്‍ മേഖലകള്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ല. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. 2017ലെ കരട് വിജ്ഞാപനം അടുത്ത ആഴ്ചയോടെ അതേപടി പുതുക്കി ഇറക്കും.

Full View

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞ ആഗസ്റ്റ് 26ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ 2017ലെ കരട് വിജ്ഞാപനം അതേപടി പുതുക്കി ഇറക്കാനാണ് പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നത്. പട്ടയ പ്രദേശം, ഏലമലക്കാടുകള്‍ എന്നിവ അടങ്ങിയ 4452 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല.

ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും കേരളത്തിലെ പ്രളയം കണക്കിലെടുത്ത് കഴിഞ്ഞ മാസം 24ന് വന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവാണ് തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. പരിസ്ഥിതി ലോല മേഖലകളില്‍ മാറ്റം വരുത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ അതേപടി നിര്‍ത്തണമെന്നായിരുന്നു ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. അന്തിമ വിജ്ഞാപനം ആറ് മാസത്തിനകം ഇറക്കണമെന്നും ഉത്തരവിലുണ്ട്.

അതേസമയം കേരളത്തിന് മാത്രമായി അന്തിമ വിജ്ഞാപനം എന്ന ആവശ്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചിരുന്നെങ്കിലും സംസ്ഥാനം ഇത്തരമൊരു ശിപാര്‍ശ നല്‍കിയിട്ടില്ലെന്നാണ് ലഭിച്ച മറുപടി. ഹരിത ട്രൈബൂണല്‍ ഉത്തരവ് വന്നതോടെ സംസ്ഥാനങ്ങളുമായി ചര്‍ച്ചയിലൂടെ സമവായത്തിലെത്താനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.

Tags:    

Similar News