ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്.
ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്. കമ്മീഷന്‍ ഡി.ജി.പിയോടും റേഞ്ച് ഐ.ജിയോടും വിശദീകരണം തേടി. മറുപടി ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ആരോപിച്ചു. ഡി.ജി.പിയും എറണാകുളം റേഞ്ച് ഐ.ജിയും അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യം നല്‍കുന്നില്ല. ബിഷപ്പിനെ രക്ഷിക്കാനാണ് ഡി.ജി.പി അടക്കമുള്ളവർ ശ്രമിക്കുന്നതെന്നും കന്യാസ്ത്രീകള്‍ ഇന്നലെ പറഞ്ഞു.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ജോയിന്റ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ നിരാഹാര സമരം മൂന്നാം ദിവസത്തിലെത്തി. ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി ലഭിച്ച് 76 ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരവുമായി കന്യാസ്ത്രീകള്‍ തന്നെ സമര രംഗത്തെത്തിയത്.