കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ്: സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രിംകോടതി വിധി
സ്വാശ്രയ കോളജുകള്‍ നടത്തിയ ക്രമക്കേടിന് നിയമനിര്‍മാണത്തിലൂടെ അംഗീകാരം നല്‍കാനുള്ള ശ്രമം കോടതിയില്‍ അടി തെറ്റി. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷവും വെട്ടിലായി.
സര്‍ക്കാരിന് കനത്തതിരിച്ചടിയാണ് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കാനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രിംകോടതി വിധി. സ്വാശ്രയ കോളജുകള്‍ നടത്തിയ ക്രമക്കേടിന് നിയമനിര്‍മാണത്തിലൂടെ അംഗീകാരം നല്‍കാനുള്ള ശ്രമം കോടതിയില്‍ അടി തെറ്റി. ബില്ലിനെ പിന്തുണച്ച പ്രതിപക്ഷവും വെട്ടിലായി.
കരുണ്ണ കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ 2016 -17ല്‍ നടത്തിയ പ്രേവശനത്തില്‍ ക്രമക്കേടുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രവേശന മേല്‍നോട്ട സമിതി പ്രവേശനം റദ്ദാക്കി. ഇതിനെതിരെ കോളജുകള്‍ സുപ്രിംകോടതി വരെ പോയെങ്കിലും പ്രവേശ മേല്‍നോട്ട സമിതിയുടെ തീരുമാനത്തെ ശരിവെക്കുകയായിരുന്നു. ഇതോടെയാണ് നിയമനിര്‍മാണ സാധ്യത തേടി മാനേജ്മെന്‍റുകള്‍ സര്‍ക്കാരിനെ സമീപിച്ചത്.
പ്രതിപക്ഷവുമായി സമവായത്തിലെത്തിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. വി.ടി ബല്‍റാം എം.എല്‍.എ മാത്രമാണ് എതിര്‍ത്തത്. നിയമസഭ ബില്‍ പാസാക്കി അയച്ചെങ്കിലും ഗവര്‍ണര്‍ തിരിച്ചയച്ചു. ഇതിനിടെയാണ് ഓര്‍ഡിനന്‍സ് തന്നെ സുപ്രിംകോടതി റദ്ദാക്കിയത്. വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന വിമര്‍ശം നേരിട്ട സര്‍ക്കാര്‍ ഇതോടെ പ്രതിരോധത്തിലായി.
വിദ്യാര്‍ഥികളുടെ ഭാവി ഉയര്‍ത്തി ബില്ലിന് പിന്തുണ നല്‍കിയതിനാല്‍ പ്രതിപക്ഷത്തിനും വിധി തിരിച്ചടിയായി. സി.പി.എമ്മിനും ഇടതുമുന്നണിക്കുമെതിരെ സ്വാശ്രയ പ്രശ്നത്തില്‍ വിമര്‍ശം ഉയര്‍ത്താനുള്ള അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ബില്ലിനെ എതിര്‍ത്ത വി.ടി ബല്‍റാം എം.എല്‍.എ കോടതി വിധിയെ സ്വാഗതം ചെയ്തു.