പ്രളയത്തില്‍ ആലപ്പുഴയിൽ 4500ലധികം വീടുകൾ തകർന്നതായി സർക്കാർ
രണ്ടു ലക്ഷത്തിലധികം വീടുകൾ ഭാഗികമായി തകർന്നു; ജില്ലയില്‍ മാത്രം 4000 കോടിയുടെ നഷ്ടം
പ്രളയക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ 4500ലധികം വീടുകൾ തകർന്നതായി സർക്കാർ. രണ്ടു ലക്ഷത്തിലധികം വീടുകൾ ഭാഗികമായി തകർന്നു. മറ്റു മേഖലകളിലായി 4000 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ജില്ലയിൽ വീടുകൾക്ക് ഉണ്ടായ വൻ നാശനഷ്ടം ഒഴിവാക്കിയാൽ മറ്റെല്ലാ വകുപ്പുകൾക്കും കൂടി 3690 കോടി 49 ലക്ഷം രൂപയുടെ നാശനഷ്ടമാണ് സർക്കാർ കണക്കാക്കുന്നത്. 4619 വീടുകൾ ജില്ലയിൽ പൂർണ്ണമായി തകർന്നു . 20911 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ നിന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായി പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ അറിയിച്ചു. തുക കായങ്കുളത്ത് വെച്ച് കൈമാറും.
കുട്ടനാട്ടിലെ 118 റേഷൻകടകളിൽ 117 ഉം വെള്ളത്തിലായതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. ജില്ലയിൽ ഇതു വരെ ഒരു 1,06,659 പേർക്ക് 10,000 രൂപ ധനസഹായം വിതരണം ചെയ്തു. 1,54,819 പേർക്ക് കിറ്റ് നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഏതെങ്കിലും കാരണത്താൽ സഹായം കിട്ടിയിട്ടില്ലെങ്കിൽ അദാലത്തിലൂടെ അത്തരം പരാതികൾ പരിഹരിക്കുമെന്ന് ജി. സുധാകരൻ പറഞ്ഞു.