ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി
മൂലമറ്റം പവര്‍ ഹൗസിന് എതിര്‍വശത്തായി 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവര്‍ ഹൗസ് നിര്‍മിക്കുകയെന്ന ആശയമാണ് ചര്‍ച്ചയാകുന്നത്. നാടുകാണി മലയുടെ അടിവാരത്ത് ഇളംദേശം, വെള്ളിയാമറ്റം മേഖല..
ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ആലോചിക്കുന്നു. 20000 കോടി രൂപയിലധികം ചിലവ് പ്രതീക്ഷിക്കുന്ന പവര്‍ ഹൗസ് സംബന്ധിച്ച ഈ മാസം 26 ന് കെ.എസ്.ഇ.ബി ഫുള്‍ബോര്‍ഡ് ചര്‍ച്ച ചെയ്യും. 700 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പവര്‍ഹൗസാണ് ആലോചനയിലുള്ളത്.
ഇടുക്കിയില്‍ അണക്കെട്ട് നിറയുമ്പോഴും വൈദ്യുതി ഉല്‍പാദനത്തിനായും തുറന്നുവിടുന്ന വെള്ളം വീണ്ടും പമ്പ ചെയ്ത് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുക എന്ന ആശയം നേരത്തെ കെ.എസ്.ഇ.ബിയില്‍ ഉണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ദേശീയ എനര്‍ജി മാനേജ്‌മെന്റ കോണ്‍ഫറന്‍സില്‍ ഇത് സംബന്ധിച്ച രൂപരേഖ കെ.എസ്.ഇ.ബി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
പ്രളയത്തില്‍ ഡാം നിറഞ്ഞ് വെള്ളം വലിയതോതില്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് ഈ ചര്‍ച്ച വീണ്ടും സജീവമായത്. മൂലമറ്റം പവര്‍ ഹൗസിന് എതിര്‍വശത്തായി 700 മെഗാവാട്ട് ശേഷിയുള്ള പുതിയ പവര്‍ ഹൗസ് നിര്‍മിക്കുകയെന്ന ആശയമാണ് ചര്‍ച്ചയാകുന്നത്. നാടുകാണി മലയുടെ അടിവാരത്ത് ഇളംദേശം, വെള്ളിയാമറ്റം മേഖല കേന്ദ്രീകരിച്ചാകും പവര്‍ഹൗസ്.
മൂലമറ്റത്തെ ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളം റിസര്‍വോയറില്‍ ശേഖരിച്ച് സൗരോര്‍ജ്ജം ഉപയോഗിച്ച് വീണ്ടും പമ്പ് ചെയ്ത് ഡാമിലെത്തിക്കും. ഇതായിരിക്കും രണ്ടാമത്തെ പവര്‍ ഹൗസിന് ഊര്‍ജ്ജോത്പാദനത്തിന് ലഭിക്കുക. ഏകദേശം 22000 കോടി രൂപയാണ് ഉല്‍പാദന ചിലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതാകും പുതിയ പദ്ധതി. ഈ മാസം 26 ന് ചേരുന്ന കെ.എസ്.ഇ.ബി ഫുള്‍ ബോര്‍ഡ് യോഗം പദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. ബോര്‍ഡ് അംഗീകരിച്ചാല്‍ സര്‍ക്കാരിന്റെ അനുമതി തേടും. അതു കൂടി ലഭിച്ചാല്‍ സാധ്യതാ പഠനത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ആലോചിക്കുന്നത്. അതിരപ്പള്ളി ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ക്ക് ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ നിലവിലെ പദ്ധതികളുടെ ശേഷി പരമാവധി ഉപയോഗിക്കാനുള്ള നീക്കങ്ങളാണ് ഭാവി സാധ്യതയെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി.