നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചിയിലെ കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. വില്ലന്‍ റോളുകളിലൂടെയാണ് ക്യാപ്റ്റന്‍ രാജു മലയാളസിനിമയുടെ ഭാഗമാകുന്നത്. പിന്നീട് സ്വഭാവ നടനായും തിളങ്ങി

Update: 2018-09-17 03:40 GMT
Advertising

നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രമീളയാണ് ഭാര്യ. രവിരാജ് ഏക മകനാണ്. കൊച്ചിയിലെ കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

വില്ലന്‍ റോളുകളിലൂടെയാണ് ക്യാപ്റ്റന്‍ രാജു മലയാള സിനിമയുടെ ഭാഗമാകുന്നത്. പിന്നീട് സ്വഭാവ നടനായും അദ്ദേഹം തിളങ്ങി. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്നേഹഗാഥ, ‘പവനായി 99.99’ എന്ന സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, ഇംഗ്ലിഷ് ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

1981ൽ പുറത്തിറങ്ങിയ ‘രക്ത’മാണ് ആദ്യ ചിത്രം. രതിലയം, ആവനാഴി, ആഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷമിട്ടു. 2017 ൽ പുറത്തിറങ്ങിയ ‘മാസ്റ്റർപീസ്’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.

Full View

പത്തനം തിട്ടയിലെ ഓമല്ലൂരിലായിരുന്നു ജനനം. സൈനിക സേവനം പൂര്‍ത്തിയാക്കിയശേഷമാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകുംവഴി വിമാനത്തില്‍ വെച്ച് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിരുന്നു. തുടര്‍ന്ന് മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അവിടെ ചികിത്സ ലഭ്യമാക്കുകയും പിന്നീട് കേരളത്തിലേക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുവരികയുമായിരുന്നു.

മൃതദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിനിമ ലോകത്തെ പ്രമുഖർ അദ്ദേഹത്തിനു അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. വിദേശത്തുള്ള മകൻ എത്തിയിട്ടേ സംസ്‍കാരം നടത്തു. ക്യാപ്റ്റൻ രാജുവിന്റെ ജന്മദേശം പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ ആണ്. അതിനാൽ മൃതദേഹം കൊച്ചിയിൽ പൊതുദർശനത്തിനു വെച്ച ശേഷം സംസ്കാരത്തിനായി അവിടേക്ക് കൊണ്ടുപോകും.

Full View
Tags:    

Similar News