പൊലീസുകാരനെ വീട് കയറി ആക്രമിച്ചതായി പരാതി
മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരവിന്ദന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മണല്‍ക്കടത്ത് കേസിലെ പ്രതി സുലൈമാനും മകനും ആണ് വീട് ആക്രമിച്ചതെന്നാണ് പരാതി.
കോഴിക്കോട് മുക്കത്ത് മണല്‍ക്കടത്തു കേസിലെ പ്രതി പൊലീസുകാരനെ വീട് കയറി ആക്രമിച്ചു. മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരവിന്ദന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മണല്‍ക്കടത്ത് കേസിലെ പ്രതി സുലൈമാനും മകനും ആണ് വീട് ആക്രമിച്ചതെന്നാണ് പരാതി.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. അരവിന്ദന്റെ മുക്കം മണാശ്ശേരിയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മണല്‍ക്കടത്ത്, ചെക്ക് ചീറ്റിംഗ് കേസുകളില്‍ പ്രതിയായ പറമ്പാട്ടുമ്മല്‍ സുലൈമാനും മകന്‍ ജാസിറുമാണ് വീട്ടില്‍ കയറി അതിക്രമം കാണിച്ചതെന്ന് അരവിന്ദന്‍ പറഞ്ഞു. വീട്ടിനു പുറത്തേക്കു വിളിക്കുകയും പുറത്തിറങ്ങാന്‍ കൂട്ടാകാതെ വന്നപ്പോള്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. വീടിന്റെ ജനലുകളും കാറിന്റെ ഗ്ലാസുകളും കല്ലെറിഞ്ഞു പൊട്ടിച്ചു.
പ്രതി സുലൈമാന്റെ വീട്ടില്‍ മാവൂര്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വാറന്റ് പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദന് നേരത്തേയും പരിക്കേറ്റിട്ടുണ്ട്. കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ച് സുലൈമാന്‍ രക്ഷപ്പെടുകയായിരുന്നു. സുലൈമാനും മകനുമെതിരെ മുക്കം പോലീസ് കേസെടുത്തു.