ബാര്‍കോഴ കേസില്‍ കെ.എം മാണിക്ക് തിരിച്ചടി: ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി

ബാറുകള്‍ തുറന്ന് നല്‍കാന്‍ ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ മുന്‍ധനമന്ത്രി കെ. എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Update: 2018-09-18 05:48 GMT
Advertising

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച രണ്ടാം തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. മാണി കോഴ വാങ്ങിയതിനു തെളിവില്ലെന്ന വിജിലൻസിന്റെ റിപ്പോർട്ടാണ് തള്ളിയത്. തുടരന്വേഷണത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ പത്തിന് തീരുമാനമെടുക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കെ.എം മാണി പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറന്ന് നല്‍കാന്‍ മുന്‍മന്ത്രി കെ.എം മാണിക്ക് മൂന്ന് തവണയായി ഒരു കോടി രൂപ കോഴ നല്‍കിയെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മാണിക്കെതിരെ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ബിജു രമേശ് ഹാജരാക്കിയ സീഡിയിൽ കൃത്രിമമുണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായും അതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്നുമായിരുന്നു വിജിലന്‍സിന്റെ ആവശ്യം.

ഇതിനെതിരെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ കോടതിയില്‍ തടസ്സവാദം ഉന്നയിച്ചിരുന്നു. ഇവരുടെ വാദം ഭാഗികമായി അംഗീകരിച്ച് കൊണ്ടാണ് മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളിക്കളഞ്ഞത്. മാണിക്കെതിരെ നടത്തിയ അന്വേഷണം പൂര്‍ണ്ണമായിരുന്നില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനായ കെ. ഇ ബൈജു കേസ് ശരിയായി അന്വേഷിച്ചില്ലെന്നും ജഡ്ജി അജിത്കുമാറിന്റെ വിധിയില്‍ പറയുന്നു.

എന്നാല്‍ തുടരന്വേഷണത്തിന്റെ കോടതി തീരുമാനമെടുത്തിട്ടില്ല. അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതി പ്രകാരം അന്വേഷണത്തിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി വേണം. സര്‍ക്കാരിന്റെ അഭിപ്രായം അറിഞ്ഞ ശേഷം ഡിസംബര്‍ 10 നായിരിക്കും മാണിക്കെതിരായി തുടരന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

Full View
Tags:    

Similar News