സഹകരണ വകുപ്പിൽ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ്
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിർദ്ദേശിക്കുന്ന ഉത്തരവിൽ ഒരിടത്തും വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ല.
ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് പാടില്ലെന്ന ഹൈക്കോടതി നിരീക്ഷണം നിലനിൽക്കേ സഹകരണ വകുപ്പിൽ നിർബന്ധിത പിരിവിന് വഴി വെക്കുന്ന ഉത്തരവ്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിർദ്ദേശിക്കുന്ന ഉത്തരവിൽ ഒരിടത്തും വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ല. ഹൈക്കോടതി ഇന്നലെയാണ് സഹകരണ രജിസ്ട്രാറുടെ ഉത്തരവ് പുറത്തിറക്കിയത്.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന ഉത്തരവിൽ എട്ട് നിർദ്ദേശങ്ങളുണ്ട്. സെപ്തംബർ മാസത്തെ ഗ്രേസ് സാലറി അടിസ്ഥാനമാക്കി ശമ്പളത്തുക കണക്കാക്കും. 10 ഗഡുക്കളായി ഒരു മാസത്തെ ശമ്പളം നൽകാവുന്നതാണ് തുടങ്ങിയ നിർദേശങ്ങൾ ഉത്തരവിലുണ്ട്. എന്നാൽ ഉത്തരവിൽ ഒരിടത്തും താൽപര്യമില്ലാത്ത ജീവനക്കാർക്ക് അക്കാര്യം എഴുതി നൽകാമെന്ന് പറയുന്നില്ല. തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ ഇക്കാര്യം പരാമർശിക്കാതിരുന്നതാണ് ഹൈക്കോടതിയിൽ സർക്കാരിന് കടുത്ത പരാമർശങ്ങൾ ഏറ്റു വാങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത്. വിസമ്മതം രേഖപ്പെടുത്താമെന്ന വിവരം ഉത്തരവിൽ ഇല്ലാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സർക്കാരും വിലയിരുത്തിയിരുന്നു. എന്നിട്ടും സഹകരണ വകുപ്പിന്റെ ഉത്തരവിലും ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ വേതനം നൽകാതിരിക്കാൻ എഴുതി നൽകാമെന്നത് ചേർക്കാതിരുന്നത് നിയമ നടപടികളിലേക്ക് വലിച്ചിഴക്കപ്പെടാം.