വെള്ളമുണ്ട ഇരട്ട കൊലപാതകം; പ്രതി പിടിയില്‍

കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു

Update: 2018-09-18 09:31 GMT
Advertising

വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ രണ്ട് മാസം മുമ്പ് നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപാലം സ്വദേശി വിശ്വനാഥനാണ് പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 283 സ്ഥിരം മോഷ്ടാക്കളെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതി അറസ്റ്റിലാകുന്നത്

ജൂലൈ 6നാണ് വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും കൊല്ലപ്പെട്ടത്. അന്നുതന്നെ 40 അംഗ സംഘം അന്വേഷണം തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളെ ആയിരുന്നു തുടക്കത്തിൽ സംശയം. 230 തൊഴിലാളികളെ ചോദ്യംചെയ്ത് വിരലടയാളങ്ങൾ ശേഖരിച്ചു. തുടക്കത്തിൽ കൊട്ടേഷൻ, തീവ്രവാദബന്ധം വരെ അന്വേഷിച്ചെങ്കിലും ഒടുവിൽ കൊലപാതക കാരണം മോഷണ ശ്രമമാണെന്ന് കണ്ടെത്തുകയായിരുന്നു.

കേരളത്തിലെയും തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെയും 283 സ്ഥിരം മോഷ്ടാക്കളെ ചോദ്യം ചെയ്ത് വിരലടയാളം ശേഖരിച്ചു. ഇതിന്‍റെ ശാസ്ത്രീയ പരിശോധനക്കോടുവിലാണ് കുറ്റ്യാടി സ്വദേശിയായ വിശ്വനാഥൻ ആണെന്ന നിഗമനത്തിൽ എത്തുന്നത്. ഫാത്തിമയുടെ 8 പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കുറ്റ്യാടിയിലെ കടയില്‍ വിറ്റുവെന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.

283 മോഷ്ടാക്കളെ ചോദ്യം ചെയ്തതില്‍നിന്ന് സംസ്ഥാനത്തെ 27 മോഷണകേസുകള്‍ കൂടി തെളിഞ്ഞിട്ടുണ്ട്.

Tags:    

Similar News