മടപ്പള്ളി കോളേജിൽ പെണ്‍കുട്ടികള്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം; വ്യാപക പ്രതിഷേധം 

വ്യാപാരികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മടപ്പള്ളിയിൽ വ്യാപാര ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Update: 2018-09-20 11:06 GMT
Advertising

മടപ്പള്ളി കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ എസ് എഫ് ഐ അക്രമം. കോളേജിലെ എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് സംഘർഷമാണ് വൻ അക്രമ സംഭവങ്ങളിലേക്ക് വഴി വെച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അക്രമ സംഭവമാണ് മടപ്പള്ളിയിലേത്.

ഇരുമ്പ് കമ്പികളും ദണ്ഡും ഉപയോഗിച്ചുള്ള എസ്.എഫ്.ഐ ആക്രമണത്തില്‍ എം.എസ്.എഫ് നേതാവും ഹരിത ജില്ലാ സെക്രട്ടറിയുമായ തംജിത, യു.ഡി എസ്.എഫ് നേതാക്കളായ മുനവിർ, ഫ്രറ്റേർണിറ്റി പ്രവർത്തകരായ സൽവ അബ്ദുൽ ഖാദർ, സഫ്വാന, ആദിൽ, എം.എസ്.എഫ് വടകര മണ്ഡലം ജനറൽ സെക്രട്ടറി മൻസൂർ ഒഞ്ചിയം എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനികളുടെ മുഖത്തടക്കം എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചതായി പരാതിയുണ്ട്. പെൺകുട്ടികളെ ആക്രമിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്കും എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും മർദ്ദനമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മടപ്പള്ളിയിലെ വ്യാപാരിയായ കുരിക്കലിന്റെവിട മനോഹരൻ, തൊട്ടടുത്ത് നിന്നിരുന്ന ഊരാളി വീട്ടിൽ മനോജൻ എന്നിവരെ മാഹി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടപ്പള്ളി സ്വദേശി ജിതിലിന്റെ അലുമിനിയം ഫാബ്രിക്കേഷൻ കടയും എസ്.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് എസ്.എഫ്.ഐ - യു.ഡി.എസ്.എഫ് പ്രവർത്തകർ വാഗാദ്വം തുടർന്നതിനെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ പിന്നീട് വിദ്യാർത്ഥിനികളടക്കമുള്ള യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് കോളേജിന് പുറത്ത് വെച്ച് വീണ്ടും മർദ്ദനമേറ്റു. സംഘർഷ വിവരമറിഞ്ഞ പോലീസ് പിന്നീട് ലാത്തി ചാർജ്ജ് ചെയ്തു.

വ്യാപാരികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് മടപ്പള്ളിയിൽ വ്യാപാര ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് തൊട്ട് വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ആക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ എസ്.എഫ്.ഐ ആക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Full View
Tags:    

Similar News