മടപ്പള്ളി ഗവ: കോളേജ് അക്രമണം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐക്കാര്‍ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ വ്യാപാരി മനോഹരന്‍, മനോജന്‍ എന്നിവരെ അടിച്ചു പരിക്കേല്‍പിച്ചതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
മടപ്പള്ളി ഗവ: കോളേജില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പേരില്‍ ഏഴ് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. എം.എസ്.എഫ് നല്‍കിയ പരാതിയില്‍ എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഫ്രറ്റേണിറ്റി പ്രവര്‍ത്തക സല്‍വാ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ് എടുത്തത്.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചതടക്കമുള്ള രണ്ട് പരാതികളാണ് പോലീസിന് ലഭിച്ചത്. എം.എസ്.എഫ് മണ്ഡലം സെക്രട്ടറി എം.കെ മന്‍സൂറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 15 പേര്‍ക്കുമെതിരെയാണ് കേസ്. കോളേജിന് പുറത്ത് വെച്ച് മര്‍ദ്ദിച്ചതായുള്ള സല്‍വയുടെ പരാതിയില്‍ രണ്ട് പേര്‍ക്ക് എതിരെയും കേസ് എടുത്തു.
വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐക്കാര്‍ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ വ്യാപാരി മനോഹരന്‍, മനോജന്‍ എന്നിവരെ അടിച്ചു പരിക്കേല്‍പിച്ചതിന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കടകള്‍ ആക്രമിച്ചതായുള്ള പരാതിയിലും ചോംമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റാംഗിങ്ങിന് സമാനമായ രീതിയില്‍ മര്‍ദ്ദനം നടന്നതായുള്ള പാരാതി ഉയര്‍ന്നിട്ടും കര്‍ശന നടപടികള്‍ സ്വീകരിക്കാത്ത കോളേജ് അധികൃതരുടെ നിലപാടിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കുന്നതിനായി തിങ്കളാഴ്ച കൌണ്‍സില്‍ യോഗം വിളിക്കാനാണ് പ്രിന്‍സിപ്പാളിന്റെ തീരുമാനം.