ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍കാരില്‍ നിന്ന് പണം സ്വീകരിക്കാന്‍ മാര്‍ഗനിര്‍ദേശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പെന്‍ഷനില്‍ നിന്ന് നേരിട്ട് കുറവു ചെയ്യാന്‍ താത്പര്യപ്പെട്ട് നിരവധി പേര്‍ ട്രഷറികളെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്ന് സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍കാരില്‍ നിന്ന് പണം സ്വീകരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി ട്രഷറികള്‍ക്ക് സര്‍ക്കുലര്‍. സമ്മതപത്ര പ്രകാരമുള്ള തുക പെന്‍ഷനില്‍ നിന്ന് കുറവുചെയ്യാനാണ് നിര്‍ദേശം. അതേസമയം, പെന്‍ഷന്‍കാരെ സാലറി ചലഞ്ചിന്റെ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചക്ക് മുമ്പ് സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പെന്‍ഷനില്‍ നിന്ന് നേരിട്ട് കുറവു ചെയ്യാന്‍ താത്പര്യപ്പെട്ട് നിരവധി പേര്‍ ട്രഷറികളെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സമ്മതപത്ര പ്രകാരമുള്ള പണം സമ്മതിച്ചിട്ടുള്ള കാലാവധിക്കുള്ളില്‍ പെന്‍ഷനില്‍ നിന്ന് നേരിട്ട് കുറവുചെയ്യാനാണ് നിര്‍ദേശം. ആവശ്യപ്പെടുന്നവര്‍ക്ക് കുറവു ചെയ്ത തുകക്ക് രസീത് നല്‍കണം. സമ്മതപത്രങ്ങള്‍ ഡിഡക്ഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഈ ക്രമീകരണം സംബന്ധിച്ച് പെന്‍ഷന്‍കാര്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടത്താനും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
സമ്മതപത്രമില്ലാതെ പിരിക്കരുതെന്നും സംഭാവന നല്‍കാന്‍ പെന്‍ഷന്‍കാരുടെ മേല്‍ സ്വാധീനമോ സമ്മര്‍ദ്ദമോ ചെലുത്തരുതെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്. സെപ്തംബര്‍ 15നാണ് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ സാലറി ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചോ തവണകളായോ നല്‍കണമെന്നാവശ്യപ്പെടാന്‍ ഇന്ന് വൈകുന്നേരം ധനമന്ത്രി തോമസ് ഐസക് പെന്‍ഷന്‍കാരെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ചര്‍ച്ചക്ക് മുമ്പ് തന്നെ സര്‍ക്കുലര്‍ പുറത്തുവന്നത് പെന്‍ഷന്‍കാരെ സമ്മര്‍ദ്ദത്തിലാക്കാനെന്നാണ് ആക്ഷേപം. എന്നാല്‍ സര്‍ക്കുലറും സാലറി ചലഞ്ചുമായി ബന്ധമില്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.