അമേരിക്കയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി
മൂന്നാഴ്ചക്കാലത്തെ ചികിത്സക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് തിരിച്ചെത്തി. പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത്. പ്രളയക്കെടുതി പരിശോധിക്കാനെത്തിയ കേന്ദ്രസംഘവുമായി നാളെ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ഈ മാസം 2നാണ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ പോയത്. 17 ന് തിരികെ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് നീട്ടി. ഇന്ന് പുലർച്ചെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം മുഖ്യമന്ത്രി തിരിച്ചെത്തിയത്. രാവിലെ 10.15ഓടെ സെക്രട്ടറിയേറ്റിലെത്തിയ മുഖ്യമന്ത്രി ഫയലുകള്‍ നോക്കുന്ന തിരക്കിലായിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാനെത്തിയവരില്‍ നിന്ന് മുഖ്യമന്ത്രി അത് സ്വീകരിച്ചു. പ്രളയക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.
പുനരധിവാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നാളെ ഉണ്ടാകും. തിങ്കളാഴ്ച വൈകിട്ട് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേയ്ക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്കിടയിലും കേരളത്തിലെ ദൈനംദിന ഭരണകാര്യങ്ങളിലും മറ്റും മുഖ്യമന്ത്രി ഇടപെടുന്നുണ്ടായിരിന്നു. ഇ ഫയലിങ് സംവിധാനം വഴി അവിടെയിരുന്ന് ഫയലുകളും തീർപ്പാക്കി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷമാണ് കഴിഞ്ഞ ദിവസം അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത്.
കഴിഞ്ഞ മാസം 19ന് ചികിത്സക്ക് പോകാനായിരുന്നു മുഖ്യമന്ത്രി തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാനം സമാനതകളില്ലാത്ത പ്രളയത്തിൽ അകപ്പെട്ടതോടെയാണ് യാത്ര നീട്ടി ഈ മാസം ആദ്യ ആഴ്ചയിലേക്ക് മാറ്റിയിരുന്നത്.