കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം; നടന്‍ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മിഠായിതെരുവില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്. നടനും സംവിധായകനുമായ ജോയ്മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്സെടുത്തത്.
മുന്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മിഠായിതെരുവില്‍ പ്രകടനം നടത്തിയതിനാണ് നടന്‍ ജോയ്മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്സെടുത്തത്. മിഠായി തെരുവ് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് നിരോധിതമേഖലയാണെന്ന് ചൂണ്ടികാട്ടിയാണ് കേസ്സ്. ഈ മാസം 12നാണ് ജോയ്മാത്യവിന്‍റെ നേതൃത്വത്തില്‍ സിനിമസാംസ്കാരിക പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം അറിയിച്ച് പകടനം നടത്തിയത്.
നിരോധനമുള്ള സ്ഥലത്ത് പ്രകടനം നടത്തല്‍, പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നടപടി. ജോയ്മാത്യുവിന് പുറമെ സംവിധായകന്‍ ഗിരീഷ് ദാമോദര്‍, ജോണ്സ് മാത്യു, പിടി ഹരിദാസന്‍ പി രഘുനാഥ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയുമാണ് കേസ്സെടുത്തത്. മിഠായിതെരുവ് നവീകരണത്തിന് ശേഷം കോഴിക്കോട് കോര്‍പ്പറേഷനാണ് പൊതുപരിപാടികള്‍ക്കും, പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയത്.