മലപ്പുറം പാണ്ടിക്കാട് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ മൂന്ന് ഇടങ്ങളിലായി നടന്ന അപകടങ്ങളില്‍ മരണപ്പെട്ടത് നാല് പേരാണ്.
മലപ്പുറം പാണ്ടിക്കാട് മേഖലയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മുന്നിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ നാല് ജീവനുകളാണ് പൊലിഞ്ഞത്. പൊലീസിന്റെ മുന്‍കരുതലുകള്‍ കൊണ്ട് അപകടങ്ങള്‍ കുറക്കാനാവുന്നില്ല.
പാണ്ടിക്കാട് അങ്ങാടിയില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിമൂന്ന് ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡുകളില്‍ കുഴികളില്‍ വീണാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്. എന്നാല്‍ മറ്റു വാഹനങ്ങള്‍ക്ക് റോഡിന്റെ വീതി കുറവാണ് പ്രശ്‌നം. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ മൂന്ന് ഇടങ്ങളിലായി നടന്ന അപകടങ്ങളില്‍ മരണപ്പെട്ടത് നാല് പേരാണ്. ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കുമരംപത്തൂര്‍ പാണ്ടിക്കാട് സംസ്ഥാന പാതയിലെ കിഴക്കേപാണ്ടിക്കാട് വളവില്‍ സ്‌കൂട്ടറിന് പിറകില്‍ മിനിലോറിയിടിച്ച് വണ്ടൂര്‍ ചാത്തങ്ങോട്ടുപുരം സ്വദേശിയായ യുവാവ് മരിച്ചതിനു തൊട്ടടുത്ത ദിവസം കെ.എസ്.ആര്‍.ടി.സി ബസും, കാറും കൂട്ടിയിടിച്ച് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം തെന്നാടന്‍ ഉമ്മറുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.
വ്യാഴാഴ്ച വൈകിട്ട് ബൈക്കില്‍ നിന്നും തെറിച്ചു വീണ് തച്ചിങ്ങനാടം സ്വദേശിയായ വീട്ടമ്മയും മരണപ്പെട്ടു. അപകടങ്ങള്‍ കുറയ്ക്കാന്‍ പൊലീസ് തീവശ്രമം നടത്തുന്നുണ്ടെങ്കിലും, പാണ്ടിക്കാട്ടെ നിരത്തിലത് ഫലം ചെയ്യുന്നില്ല.