അഭിമന്യുവിന്റെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്
മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പതിനാറ് പ്രതികളാണുള്ളത്. കോളേജിന് പുറത്തു നിന്നുള്ളവരാണ് പ്രതികളിൽ ഭൂരിഭാഗവും.
1500 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ടി സുരേഷ് കുമാർ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൊലപാതകം ,വധശ്രമം ,ഗൂഢാലോചന ,അന്യായമായ സംഘം ചേരൽ ,ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. എറണാകുളം പള്ളുരുത്തി സ്വദേശി സഹൽ, മുഹമ്മദ് ഷഹീം എന്നിവരാണ് കുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇവരെ ഇതുവരെ അറസ്റ്റു ചെയ്യാനായിട്ടില്ല. കേസിൽ 19 പേരാണ് ഇതുവരെ പിടിയിലായത് . ഇതിൽ 10 പേർ ഇപ്പോൾ ജാമ്യത്തിലാണ്. കൃത്യവുമായി നേരിട്ടു ബന്ധമുള്ള 16 പേർക്കെതിരെയാണ് ഇപ്പോൾ ആദ്യ ഘട്ട കുറ്റപത്രം. കേസിൽ ഏഴു പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.