തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ അന്തേവാസികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
തവനൂരിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ആകെ 81 അന്തേവാസികളെയാണ് താമസിപ്പിച്ചിരുന്നത്. ഇവരില്‍ നാലു പേരാണ് രണ്ട് ദിവസത്തിനകം മരിച്ചത്.
മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ അന്തേവാസികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. വൃദ്ധമന്ദിരത്തില്‍ സ്ഥിരമായി ഡോക്ടറുടെ സേവനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിലവിലുള്ള 79 അന്തേവാസികളിൽ 19 പേർ കിടപ്പിലായ രോഗികളാണ്. ഇവരിലൊരാളുടെ നില അതീവ ഗുരുതരവുമാണ്.
തവനൂരിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ആകെ 81 അന്തേവാസികളെയാണ് താമസിപ്പിച്ചിരുന്നത്. ഇവരില്‍ നാലു പേരാണ് രണ്ട് ദിവസത്തിനകം മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് മൂന്ന് പേരുടെ മരണമെന്ന് വൃദ്ധ മന്ദിരം സൂപ്രണ്ട് അബ്ദുല്‍കരീം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന അന്തേവാസികള്‍ക്ക് വേണ്ട വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്നാണ് ആക്ഷേപം.
ഇനിയും അവശനിലയില്‍ കഴിയുന്ന അന്തേവാസികള്‍ ഇവിടെയുണ്ടെന്നും സ്ഥിരമായി ഡോക്ടറുടെ സേവനം ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് അന്തേവാസികളുടെ പരാതി. രണ്ടാഴ്ചയിലൊരിക്കല്‍ മാത്രമാണ് ഇവര്‍ക്ക് ഡോക്ടറെ കാണാന്‍ അവസരമുള്ളത്.