അഭിമന്യു കൊലക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചത് പ്രധാന പ്രതികളെ പിടികൂടാതെ
രണ്ടാം പ്രതി ആരിഫ് ബിൻ സലിമിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മഹാരാജാസില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുത്തിയ പ്രതികളെ പിടികൂടാതെ. അഭിമന്യുവിനെ കുത്തിയ സഹലിനെയും സുഹൃത്തായ അര്‍ജുനെ കുത്തിയ മുഹമ്മദ് ഷഹീമിനെയും പൊലീസിന് ഇതു വരെ പിടികൂടാനായില്ല. ഇവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ടാം പ്രതി ആരിഫ് ബിൻ സലീമിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയാ വണിന് ലഭിച്ചു.
അഭിമന്യുവിനെ കുത്തിയത് നെട്ടൂര്‍ സ്വദേശിയായ സഹലാണെന്നും അര്‍ജ്ജുനെ കുത്തിയത് പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണെന്നുമാണ് പോലിസ് കുറ്റപത്രത്തില്‍ പറയുന്നത്. ഈ രണ്ട് പ്രതികളെയും പിടികൂടാനായിട്ടില്ലെന്നാണ് രണ്ടാം പ്രതി ആരിഫ് ബിന് സലീമിന്റെ പോലിസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത് . കൂടാതെ കേസില്‍ നിര്ണായക തെളിവായ ആയുധവും കണ്ടെടുത്തിട്ടില്ല. പിടികൂടാനുള്ള 7 പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കേസില്‍ 19 പ്രതികളെ പിടികൂടി. കൊലപാതകം നടന്ന മഹാരാജാസ് കോളജിലെത്തിയ 16 അംഗ അക്രമി സംഘത്തെ ചേര്‍ത്ത ആദ്യ കുറ്റപത്രമാണ് ഇന്നലെ മജിസ്ട്രേറ്റ് കോടതിയില്‍ പോലിസ് സമര്‍പ്പിച്ചത്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരേയും ഗൂഢാലോചനയില്‍ പങ്കെടുത്തവരേയും ചേര്‍ത്ത് കൂടുതല്‍ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്കുമെന്ന് പോലിസ് അറിയിച്ചു.