സാലറി ചലഞ്ച് ഉത്തരവ് പ്രഥമദൃഷ്ടാ തെറ്റെന്ന് ഹൈക്കോടതി

സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതപത്രം എഴുതി വാങ്ങിയത് ഒരു വിഭാഗം ആളുകളെ വേര്‍തിരിക്കാനാണ് സഹായിക്കുകയെന്ന് കോടതി

Update: 2018-09-26 12:37 GMT
Advertising

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ഹൈക്കോടതി. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതപത്രം എഴുതി വാങ്ങിയത് ഒരു വിഭാഗം ആളുകളെ വേര്‍തിരിക്കാനാണ് സഹായിക്കുകയെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് പുനപരിശോധിക്കുമെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം എഴുതി നല്‍കണമെന്ന ഉത്തരവിനെയാണ് കോടതി വിമര്‍ശിച്ചത്. സെപ്തംബര്‍ 9ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ തെറ്റെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശമ്പളം നല്‍കാന്‍ സമ്മതമില്ലെന്ന് അറിയിക്കണമെന്ന നിബന്ധന പ്രഥമദൃഷ്ട്യാ നിര്‍ബന്ധിത സ്വഭാവം ഉള്ളതാണ്. എല്ലാവരെയും വിശ്വാസത്തിലെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. വിസമ്മതപത്രം എഴുതി വാങ്ങുന്നത് ഒരു വിഭാഗത്തെ വേര്‍തിരിച്ചു കാണിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Full View

സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്ന അഭ്യര്‍ത്ഥനയാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ വിസമ്മതപത്രം എഴുതി വാങ്ങിക്കുക വഴി മുഖ്യമന്ത്രിയുടെ അപേക്ഷ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കോടതി വിമര്‍ശിച്ചു. സാലറി ചലഞ്ച് നിര്‍ബന്ധിതപിരിവായി മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി എന്‍ജിഒ സംഘം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഹരജി വിശദ വാദത്തിനായി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Tags:    

Similar News