ഇ പോസ് സര്‍വര്‍ തകരാറ്: സെപ്തംബർ മാസത്തെ റേഷൻ ഒക്ടോബർ 6 വരെ ലഭിക്കും
ഇ പോസ് സര്‍വര്‍ തകരാറിലായതിനെ തുടർന്ന് ഇന്നും സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. ചൊവ്വാഴ്ച വൈകിട്ട് ചില റേഷന്‍ കടകളിൽ തുടങ്ങിയ പ്രശ്നം ഭൂരിഭാഗം കടകളെയും ബാധിക്കുകയായിരുന്നു.
ഇ പോസ് സര്‍വര്‍ തകരാറിലായതിനെ തുടർന്ന് ഇന്നും സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. ചൊവ്വാഴ്ച വൈകിട്ട് ചില റേഷന്‍ കടകളിൽ തുടങ്ങിയ പ്രശ്നം ഭൂരിഭാഗം കടകളെയും ബാധിക്കുകയായിരുന്നു. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ ഇന്ന് വൈകുന്നേരം നാല് മണി വരെ കടയടച്ച് പ്രതിഷേധിക്കുകയാണ്. പുതിയ സര്‍വറിലേക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ശ്രമം.
സര്‍വര്‍ പ്രശ്നം മൂലം റേഷൻ മുടങ്ങാൻ തുടങ്ങിയതോടെ കടകള്‍ക്ക് മുന്നില്‍ റേഷന്‍ കടക്കാരും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ കടയുടമകള്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം നാല് മണി വരെയാണ് സമരം. പുതിയ ലോഡ് വരുന്നതിന് മുമ്പ് സര്‍വര്‍ പ്രശ്നം പരിഹരിക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും കടയുടമകള്‍ പറയുന്നു. പുതിയ സര്‍വറിലേക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്നാണ് സിവില് സപ്ലൈസ് വകുപ്പിന്‍റെ വിശദീകരണം.
സെപ്തംബർ മാസത്തെ റേഷൻ വിതരണം ഒക്ടോബർ 6 വരെ ദീർഘിപ്പിച്ചു നൽകാൻ സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവ് നൽകി. സാങ്കേതിക തകരാർ മൂലം ഇ പോസ് മെഷീനിൽ റേഷൻ വിതരണം തടസപ്പെട്ടത് ഇന്നലെ വൈകിട്ട് ഭാഗികമായി പരിപരിച്ചു. 2.60 ലക്ഷം കാർഡുടമകൾ കഴിഞ്ഞ ദിവസം റേഷൻ വാങ്ങിയിട്ടുണ്ട്. സെപ്തംബർ മാസത്തെ 40.68 ലക്ഷം പേർ വാങ്ങിയെന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പുതിയ സർവ്വറിൽ വിവരങ്ങൾ കൈമാറ്റം ആരംഭിച്ചു. ഒരാഴ്ചക്കുള്ളിൽ വിവര കൈമാറ്റം പൂർത്തീകരിക്കുന്നതോടുകൂടി ഇടക്കിടെ വരുന്ന സാങ്കേതിക തകരാർ ഒഴിവാകാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.