ശബരിമല വിധിക്കെതിരെ തന്ത്രി കുടുംബം: ചരിത്രപരമെന്ന് ദേവസ്വം മന്ത്രി
സുപ്രിംകോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിധി നടപ്പാക്കാന്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായ ഭേദമന്യേ പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുമ്പോഴും നിയമനടപടി തുടരുന്നതിന്റെ സാധ്യതകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. വിധിയെ പിന്തുണച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനും തുടര്‍നടപടികള്‍ ബോര്‍ഡിന് വിട്ടു. വിധിക്കെതിരെ ശബരിമല തന്ത്രി കുടുംബം രംഗത്തെത്തി.
സുപ്രിംകോടതി വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിധി നടപ്പാക്കാന്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും വ്യക്തമാക്കി. ആചാരങ്ങള്‍ കാലാനുസൃതമായി മാറ്റി മുന്നോട്ട് പോകുന്ന പൊതുസമൂഹം ഈ വിധി ഉള്‍ക്കൊള്ളും. വിധി തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് എ പത്മകുമാര്‍ സര്‍ക്കാരുമായി ആലോചിച്ച് സ്ത്രീകള്‍ക്ക് സൌകര്യമൊരുക്കുമെന്നും അറിയിച്ചു. വിധിയില്‍ പുനപരിശോധഹരജി നല്‍കുന്നതിന് നിയമോപദേശം തേടും.
സുപ്രിംകോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെങ്കിലും രാജ്യത്തെ ആചാരാനുഷ്ഠാനങ്ങളെ കൂടി ഗൌരവമായി കാണേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വിധി നിരാശാജനകമാണെന്നാണ് തന്ത്രി കുടുംബത്തിന്റെ പ്രതികരണം.