മലപ്പുറം ഓടക്കയത്തെ ക്വാറികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം, ആത്മഹത്യാഭീഷണി
ഉരുൾപൊട്ടലിൽ ഏഴ് പേർ മരിക്കാനിടയായ പ്രദേശത്ത് ഇനിയും ക്വാറികൾ പ്രവര്‍ത്തിപ്പിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് നാട്ടുകാരുടെ ഭീഷണി.
മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്ത് ക്വാറികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉരുൾപൊട്ടലിൽ ഏഴ് പേർ മരിക്കാനിടയായ പ്രദേശത്ത് ഇനിയും ക്വാറികൾ പ്രവര്‍ത്തിപ്പിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് നാട്ടുകാരുടെ ഭീഷണി.
ഓടക്കയത്തെ വീട്ടിക്കുണ്ട് മലഞ്ചെരിവിലെ ഈന്തുമ്പാലി കോളനിയിൽ ഏഴ് പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ സംഭവിച്ചിട്ട് ഒന്നരമാസം പിന്നിടുകയാണ്. ഇവിടെ ഇപ്പോഴും വലിയ പാറകൾ ഇളകി നിൽക്കുന്നുമുണ്ട്. പ്രദേശത്ത് പ്രവർത്തിക്കുന്ന വെറ്റിലപ്പാറ ബ്രിക്സ് ആൻറ് മെറ്റൽസ് എന്ന ക്വാറി തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് നാട്ടുകാരുടെ ആശങ്ക. വനഭൂമി കയ്യേറിയാണ് പാറ പൊട്ടിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
ഉരുൾപൊട്ടൽ സമയത്ത് അടച്ച ക്വാറി വലിയ ഭീഷണി നിലനിൽക്കുമ്പോഴും പ്രവർത്തിക്കാനുള്ള അനുമതി നൽകുകയായിരുന്നു ജിയോളജി വകുപ്പ്. കോളനിക്ക് പുറമേ മലക്ക് താഴെയായി നൂറോളം കുടുംബങ്ങളുമുണ്ട്. പഞ്ചായത്തിലും വില്ലേജിലും ജിയോളജിക്കും കളക്ടർക്കും പരാതി നൽകിയെങ്കിലും കഴിഞ്ഞ ദിവസം മുതൽ ക്വാറി പ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഈ സാഹച്യത്തിലാണ് നാട്ടുകാരായ ആറ് യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ക്വാറി പ്രവർത്തിപ്പിക്കാൻ 56 സെന്റ് സ്ഥലത്തിനും ക്രഷറിനായി 45 സെന്റ് സ്ഥലത്തിനുമാണ് 2 വർഷം മുമ്പ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 15 ഏക്കർ സ്ഥലത്താണ് ക്വാറിയും ക്രഷറും വ്യാപിച്ചു കിടക്കുന്നത്. സർക്കാറിനിത് മൂലം കോടികളുടെ നഷ്ടവും ഉണ്ട്.
വനഭൂമിയിൽ ജണ്ട പൊളിച്ച് നീക്കിയതായും ആദിവാസി സെറ്റിൽമെൻറിൽ ഖനനം പാടില്ലന്ന നിയമം പാലിക്കുന്നില്ലന്നും നാട്ടുകാർ ആരോപിക്കുന്നു. ഉരുൾ പൊട്ടൽ ബാധിത പ്രദേശത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഖനനത്തിന്അനുമതി നേടിയെടുത്തതെന്നും ആരോപണമുണ്ട്.