പാലക്കാട് എലപ്പുള്ളിയിലെ ഡിസ്റ്റിലറിക്കെതിരെ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

വടകരപ്പതി പഞ്ചായത്ത് കമ്പനിക്ക് ഗ്രൗണ്ട് വാട്ടര്‍ സര്‍ട്ടിഫിക്കേഷന്‍ പോലും നല്‍കാതിരിക്കുന്നത് രൂക്ഷമായ ഭൂഗര്‍ഭ ജലക്ഷാമം മൂലമാണെന്ന് പ്രതിപക്ഷ നേതാവ്  

Update: 2018-10-01 01:20 GMT
Advertising

പാലക്കാട് എലപ്പുള്ളിയിൽ ഡിസ്റ്റിലറിക്ക് അനുമതി നൽകിയ സ്ഥലത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് ഡി.സി.സിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ജലക്ഷാമ മേഖലയായ എലപ്പുള്ളിയിൽ ഡിസ്റ്റിലറിക്ക് അനുമതി നൽകിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.

പാലക്കാട് എലപ്പുള്ളി വില്ലേജില്‍ അപ്പോളോ ഡിസ്റ്റിലറിക്ക് അനുവദിച്ചിരിക്കുന്ന ഉത്പാദന ശേഷി അഞ്ചുലക്ഷം ഹെക്ടാലിറ്ററാണ്. ഇത്രയും ഉല്പാദിപ്പിക്കാൻ പത്തുകോടി ലിറ്റര്‍ വെള്ളം വേണം. ഒരു മാസം വേണ്ടത് 83 ലക്ഷം ലിറ്റര്‍ വെള്ളം. അതായത് പ്രതിദിനം 2.76 ലക്ഷം ലിറ്റര്‍ വെള്ളം ഡിസ്റ്റിലറി പ്രവർത്തിപ്പിക്കാൻ എടുക്കും.

പെപ്സി കമ്പനി ജലചൂഷണം നടത്തുന്ന പുതുശേരി പഞ്ചായത്തിലെ പുതൂരില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട പ്ലാന്റ്. കൊക്കക്കോള കമ്പനി മൂലം കടുത്ത ജലക്ഷാമം നേരിട്ട പ്ലാച്ചിമടയില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെയും.

ഡിസ്റ്റിലറിക്ക് അനുമതി ലഭിച്ച കമ്പനിയുടെ ഒരു ഓഫീസ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വടകരപ്പതി പഞ്ചായത്ത് ഗ്രൗണ്ട് വാട്ടര്‍ സര്‍ട്ടിഫിക്കേഷന്‍ പോലും നല്‍കാതിരിക്കുന്നത് രൂക്ഷമായ ഭൂഗര്‍ഭ ജലക്ഷാമം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പാലക്കാട് ഡി.സി.സി പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.

Tags:    

Similar News