ശബരിമല സ്ത്രീപ്രവേശനം: ആത്മാഹുതി ചെയ്യുമെന്ന് പ്രഖ്യാപിച്ച ഹിന്ദുസേന പ്രവര്‍ത്തകന്‍ പിടിയില്‍
ആലപ്പുഴ എടത്വ സ്വദേശി ശ്രീരാജ് കൈമളിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഹൈക്കോടതി പരിസരത്ത് ആത്മാഹുതി നടത്തുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ച ഹിന്ദുസേന പ്രവര്‍ത്തകന്‍ കൊച്ചിയില്‍ പോലീസിന്‍റെ പിടിയിലായി. ആലപ്പുഴ എടത്വ സ്വദേശി ശ്രീരാജ് കൈമളിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്‍റെ ശ്രമം പരാജയപ്പെട്ടെന്നും ഇനി ജീവത്യാഗം ചെയ്യില്ലെന്നും ശ്രീരാജ് പറഞ്ഞു.
ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന കോടതി വിധിക്കെതിരെ ഹൈക്കോടതി പരിസരത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കുമെന്നായിരുന്നു ശ്രീരാജ് കൈമളിന്‍റെ പ്രഖ്യാപനം. ഫേസ് ബുക്ക് പോസ്റ്റ് ട്രോളായി മാറിയതോടെ പൊലീസ് ഹിന്ദു സേന പ്രവര്‍ത്തകനായുള്ള തിരച്ചിലും തുടങ്ങി. എടത്വയിലെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഇയാള്‍ അവിടെയും ഉണ്ടായിരുന്നില്ല.
രാവിലെ 11 മണിയോടെ ഹൈക്കോടതി പരിസരത്തേക്ക് വരുന്നതിനിടെ സരിത തിയ്യറ്ററിന് സമീപത്ത് വെച്ച് ശ്രീരാജിന് മേല്‍ പൊലീസിന്‍റെ പിടി വീണു. ആശുപത്രിയിലെത്തി വയറ് കഴുകി വൃത്തിയാക്കിയതോടെ ഇനി ആത്മഹത്യ ചെയ്യാനില്ലെന്നാണ് ഇയാള്‍ പറയുന്നത്.
ചെറിയ മാനസികാസ്വാസ്ഥ്യമാണ് ശ്രീരാജിനെന്നാണ് പൊലീസ് പറയുന്നത്. കടുത്ത ഭക്തനായതിനാലാണ് ശ്രീരാജ് ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നാണ് ഇയാളുടെ സുഹൃത്തുക്കളുടെ വിശദീകരണം. എന്തായാലും എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം ശ്രീരാജ് കൈമളിനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആത്മഹത്യഭീഷണി മുഴക്കിയതിന് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.