ഡിസ്റ്റിലറിക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയ സംഭവത്തില്‍ വിവാദങ്ങള്‍ കൊഴുക്കുന്നു 

അനുമതി നല്‍കി എന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്‍കുമെന്നല്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി രംഗത്ത് വന്നു. 

Update: 2018-10-02 08:02 GMT
Advertising

ഡിസ്റ്റിലറിക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയ സംഭവത്തില്‍ വിവാദങ്ങള്‍ കൂടുതല്‍ കൊഴുക്കുന്നു. അനുമതി നല്‍കി എന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്‍കുമെന്നല്ലെന്ന് വ്യക്തമാക്കി എക്സൈസ് മന്ത്രി രംഗത്ത് വന്നു. മദ്യനയത്തില്‍ മാറ്റം വരുത്താതിനാല്‍ അനുമതി നല്‍കുന്നതിന് മുന്‍പ് വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചു.സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ഇന്നും ആവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രി ടി.പി രാമകൃഷ്ണനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.

Full View

പിടി വിടാതെ പ്രതിപക്ഷവും മറുപടി നല്‍കി ഭരണപക്ഷവും ബ്രൂവറി വിഷയത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഇന്നും രംഗത്ത് വന്നു. അനുമതി നല്‍കിയതുകൊണ്ട് മാത്രം ലൈസന്‍സ് നല്‍കുമെന്ന് ഉറപ്പില്ലെന്ന വാദവുമായാണ് എക്സൈസ് മന്ത്രി ഇന്ന് രംഗത്ത് വന്നത്. എല്ലാ വിഷയങ്ങളും എക്സൈസ് കമ്മീഷണര്‍ പരിശോധിക്കുമെന്നും അറിയിച്ചു. അഴിമതി നടന്നിട്ടുണ്ടന്നും സമഗ്ര അന്വേഷണം വേണമെന്നുമുള്ള മുന്‍ നിലപാട് രമേശ് ചെന്നിത്തല ഇന്നും ആവര്‍ത്തിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്‍ ചെന്നിത്തല മിടുക്കനാണെന്ന മറുപടിയാണ് എ.കെ ബാലന്‍ നല്‍കിയത്.

ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധമാണ് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ നടത്തിയത്.അനുമതിയും കൊല്ലം ജില്ലയില്‍ പത്തേക്കര്‍ സ്ഥലവും നല്‍കണമെന്നതാണ് ആവശ്യം. കോഴിക്കോട് വെച്ച് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ കരിങ്കൊടി കാണിച്ച് പ്രക്ഷോഭം തെരുവിലേക്ക് വ്യാപിപ്പിച്ചു മുസ്ലീം യൂത്ത് ലീഗ്.

Tags:    

Similar News