ആശങ്കയുയര്‍ത്തി കേരളതീരത്ത് ന്യൂനമര്‍ദ്ദം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

മലയോരമേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.

Update: 2018-10-03 12:58 GMT
Advertising

വീണ്ടും ആശങ്കയുയര്‍ത്തി കേരള തീരത്ത് ന്യൂനമര്‍ദം രൂപപ്പെടുന്നു. നാളെ മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ മുന്നൊരുക്കം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അറബിക്കടലിന് തെക്ക് കിഴക്കായി ലക്ഷദ്വീപിനോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപംകൊള്ളുന്നത്. ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി അറബിക്കടലിലുടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതൽ ഏഴു വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാല് മുതൽ ആറു വരെയും, തൃശൂരിലും പാലക്കാടും ആറിനും, പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഏഴാം തീയതി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 21 സെന്‍റീമീറ്ററിന് മുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Full View

സാഹചര്യം വിലയിരുത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറ്റി യോഗം തീരുമാനിച്ചു. ജാഗ്രതാ നിര്‍ദേശം ഉച്ചഭാഷിണിയും മറ്റ് സൌകര്യങ്ങളും ഉപയോഗിച്ച് ജനങ്ങളെ അറിയിക്കും. മുന്നറിയിപ്പ് നല്‍കിയ മേഖലകളില്‍ അഞ്ചാം തീയതിയോടെ ക്യാമ്പുകള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോരമേഖലയിലൂടെയുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണം. അഞ്ചിന് ശേഷം ഇനി അറിയിപ്പുണ്ടാകും വരെ മൂന്നാറിലേക്കുള്ള യാത്ര പാടില്ലെന്നും നിര്‍ദേശിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് പുഴയുടെയും തോടുകളുടെയും തീരങ്ങളിലുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശിച്ചു.

മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ച് ടീമിനെ അധികമായി അയക്കാന്‍ ആവശ്യപ്പെട്ടു

ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം നാളെ ചേരും. ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച് യോഗം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രധാന നിര്‍ദേശങ്ങള്‍:

  • മലയോര മേഖലയില്‍ രാത്രിയാത്ര ഒഴിവാക്കണം
  • വെള്ളിയാഴ്ചക്ക് ശേഷം മൂന്നാര്‍ യാത്ര ഒഴിവാക്കണം
  • നദീ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
  • പുഴയില്‍ കുളിക്കാനും മീന്‍പിടിക്കാനും പോകരുത്
  • ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം

Tags:    

Similar News