ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി

കോടതി വിധി വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന രമേശ് ചെന്നിത്തല ഇപ്പോള്‍ കളം മാറ്റി ചവിട്ടുകയാണ്.

Update: 2018-10-05 08:45 GMT
Advertising

ശബരിമല സ്ത്രീപ്രവേശന വിഷയം സര്‍ക്കാരിനെതിരായ രാഷ്ട്രീയക്കളിയാക്കി മാറ്റാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന.സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിൽ കയറാന്‍ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്‌ത്രീകള്‍ക്ക് ഉപയോഗിക്കാം,താൽപര്യമില്ലാത്തവർക്ക്‌ അങ്ങോട്ട്‌ പോകണ്ട. സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ലെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

Full View

ശബരിമല വിധിയില്‍ ആദ്യം സ്വീകരിച്ച നിലപാട് മാറ്റി പരസ്യപ്രതിഷേധത്തിന് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സി.പി.എം നിലപാട് വിശദീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് വന്നത്. എൽ.ഡി.എഫ്‌ സർക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിനുള്ള വകയായി സുപ്രിം കോടതിയുടെ വിധി മാറ്റാനാകുമോ എന്ന ലാക്ക്‌ ചില കേന്ദ്രങ്ങൾക്കുണ്ട്‌. ഭക്തജനങ്ങൾ എന്ന മറവിൽ ഒരുകൂട്ടം വിശ്വാസികളെ സമരത്തിലിറക്കാനുള്ള പുറപ്പാട്‌ ആരംഭിച്ചിട്ടുണ്ട്. ഇതിന്‌ പിന്തുണയും നേതൃത്വവുമായി യു.ഡി.എഫിലെയും ബി.ജെ.പിയിലെയും ചില നേതാക്കളും വിഭാഗങ്ങളും കൈകോര്‍ക്കുകയാണ്.

കോടതി വിധി സ്ത്രീ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത്‌ മാത്രമല്ല, അനാചാര സമ്പ്രദായങ്ങളുടെ ശിരസ്സ്‌ ഉടയ്‌ക്കുന്നത് കൂടിയാണ്.ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഇറങ്ങുന്ന കമ്യൂണിസ്റ്റുകാർ ന്യൂനപക്ഷ സമുദായങ്ങളുടെ സ്‌ത്രീകളുടെ കാര്യങ്ങളിൽ ഇറങ്ങാറില്ലല്ലോ എന്ന പറയുന്നവര്‍ക്ക് ചരിത്രമറിയില്ലെന്നും കോടിയേരി കുറ്റപ്പെടുത്തുന്നുണ്ട്.ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ വിഷയത്തിലും ശരിയത്ത്‌ നിയമത്തിന്റെ മറവിലെ ബഹുഭാര്യത്വ പ്രശ്നത്തിലും സ്ത്രീകളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള അചഞ്ചലമായ നിലപാടാണ്‌ സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്ന് കോടിയേരി ഒര്‍മ്മിപ്പിക്കുന്നുണ്ട്.

താത്പര്യമുള്ളവര്‍ക്ക് മലക്ക് പോകാമെന്നും താൽപര്യമില്ലാത്തവർക്ക്‌ അങ്ങോട്ട്‌ പോകണ്ടെന്നും പറയുന്ന കോടിയേരി ഇത്തരം കാര്യങ്ങളിൽ സ്‌ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ലെന്ന് വ്യക്തമാക്കുകയം ചെയ്യുന്നുണ്ട്. സുപ്രിം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരള സമൂഹത്തിനുണ്ട് എന്ന് പറഞ്ഞാണ് നേര്‍വഴി എന്ന ലേഖനം അവസാനിക്കുന്നത്.

Tags:    

Similar News