കരിഞ്ചോല മലയിലെ ദുരന്തബാധിതരോട് സര്‍ക്കാര്‍ അവഗണന കാട്ടുന്നുവെന്നാരോപിച്ച് ലീഗിന്റെ രാപ്പകല്‍ സമരം
മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് താമരശേരിയില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചത്.
കോഴിക്കോട് കരിഞ്ചോല മലയിലെ ദുരന്തബാധിതരോട് സര്‍ക്കാര്‍ അവഗണന കാട്ടുന്നുവെന്നാരോപിച്ച് മുസ്ലീം ലീഗിന്റെ രാപ്പകല്‍ സമരം. മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് താമരശേരിയില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ സഹായം ലഭ്യമാക്കും വരെ പ്രക്ഷോഭം തുടരാനാണ് ലീഗിന്റെ തീരുമാനം.
കരിഞ്ചോല ഉരുള്‍ പൊട്ടല്‍ കഴിഞ്ഞ് മൂന്നര മാസമായെങ്കിലും ദുരന്ത ബാധിതര്‍ക്ക് വേണ്ട സഹായം സര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം. ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാത്തതിന് പുറമെ ദുരന്തബാധിതര്ക്ക് പുനരധിവാസം ഉറപ്പു വരുത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മുസ്ലീം ലീഗ് നേതാക്കള്‍ ആരോപിച്ചു.
കരിഞ്ചോലമലയിലെ ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ലീഗ് മുന്നോട്ട് വെക്കുന്നുണ്ട്. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് രാപ്പകല്‍ സമരം സംഘടിപ്പിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.