ശബരിമല സ്ത്രീ പ്രവേശനം: നിലയ്ക്കലിൽ രാപകൽ സമരം
ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പ്രതിഷേധം തുടരുന്നു. നിലയ്ക്കലിൽ ശബരിമല സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം തുടരുകയാണ്. കണ്ണൂരില്‍ ശബരിമല സംരക്ഷണ കൂട്ടായ്മയും നടന്നു.
ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധം. നിലയ്ക്കലിൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം തുടരുകയാണ്. കണ്ണൂരില്‍ ശബരിമല സംരക്ഷണ കൂട്ടായ്മയും നടന്നു.
നിലക്കൽ ഗോപുരത്തിന് സമീപം പർണശാല കെട്ടി ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പർണശാലകൾ കെട്ടാനും കൂടുതൽ ആളുകളെ സമരത്തിന്റെ ഭാഗമാക്കാനുമാണ് ശബരിമല സംരക്ഷണ സമിതിയുടെ തീരുമാനം. ആദിവാസി വിഭാഗങ്ങളുടെ പ്രതിനിധികളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. പന്തളം കൊട്ടാരം നിർവാഹക സമിതിയുടെയും വിവിധ അയ്യപ്പ ഭക്തജന സംഘങ്ങളുടെയും പിന്തുണയും സമരത്തിനുണ്ട്.
കണ്ണൂരില്‍ സാമൂഹ്യ സമത്വ മുന്നണിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായി 19 ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നഗരപ്രദക്ഷിണവും നടന്നു.