ബ്രൂവറി: അഴിമതി പുറത്തുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി പ്രതിപക്ഷം
മന്ത്രിയുടെ രാജിയും വിജിലന്‍സ് അന്വേഷണ ആവശ്യവും ശക്തമാക്കും, അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമസാധ്യകളും പരിശോധിക്കുന്നു
ബ്രൂവറി ഇടപാടില്‍ അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളുമായി പ്രതിപക്ഷം സജീവമാകുന്നു. ബ്രൂവറിക്ക് അപേക്ഷിച്ച കമ്പനികളെ ചുറ്റിപ്പറ്റിയാകും തുടര്‍ വിവാദങ്ങള്‍. ഇടപാടില്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിയമസാധ്യകളും യു.ഡി.എഫ് പരിശോധിക്കുന്നുണ്ട്.
പ്രതിപക്ഷ ആരോപണത്തിനൊടുവില്‍ ബ്രൂവറി, ഡിസ്റ്റലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയെങ്കിലും പ്രതിപക്ഷം വിടുന്ന മട്ടില്ല. ഇടപാടില്‍ അഴിമതിയുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുന്ന പ്രതിപക്ഷം മന്ത്രിയുടെ രാജിയും അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. ന്യായീകരിക്കത്തക്ക ഇടപാടല്ലാത്തതിനാലാണ് സര്‍ക്കാര്‍ തന്നെ അനുമതി റദ്ദാക്കിയത്. ഇതിന് പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന നിലപാടിലാണ് പ്രതിപക്ഷം. ബ്രൂവറിക്കും ഡിസ്റ്റലറിക്കും അനുമതി തേടിയ കമ്പനികളെ ചുറ്റിപ്പറ്റിയാകും പുതിയ വിവാദങ്ങളുണ്ടാവുകയെന്ന സൂചനയാണ് പ്രതിപക്ഷ വൃത്തങ്ങള്‍ നല്‍കുന്നത്.
സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും മാനദണ്ഡങ്ങള്‍ തെറ്റിച്ച് അനുമതി നല്‍കിയെന്നത് തെളിയിക്കാനായാല്‍ അന്വേഷണത്തില്‍ നിന്ന് ഒഴിവാകാന്‍ സര്‍ക്കാരിന് കഴിയാതെ വരുമെന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളം ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലുള്ള വിധിയും പ്രതിപക്ഷം ശ്രദ്ധിക്കുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടി ഗവര്‍ണറെ പ്രതിപക്ഷനേതാവ് സമീപിച്ചിട്ടുണ്ട്. ഇതിലുള്ള മറുപടിക്കനുസരിച്ച് തുടര്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. കിന്‍ഫ്രയില്‍ സ്ഥലം അനുവദിക്കാമെന്ന സമ്മതപത്രം നല്‍കിയ ടി ഉണ്ണികൃഷ്ണന്‍റെ ഇടപെടലും പ്രതിപക്ഷം ആയുധമാക്കും.