ശബരിമല സ്ത്രീപ്രവേശം: നിലയ്ക്കലിൽ പർണശാല കെട്ടിയുള്ള ‌രാപ്പകൽ സമരം ശക്തമാകുന്നു

ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഇന്ന് വനിത സംഗമം

Update: 2018-10-09 01:37 GMT
Advertising

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധിക്കെതിരെ നിലയ്ക്കലിൽ പർണശാല കെട്ടിയുള്ള രാപ്പകൽ സമരം ശക്തമാകുന്നു. വരുംദിവസങ്ങളിൽ ആദിവാസി വിഭാഗങ്ങളും സമരത്തിന്റെ ഭാഗമാകും. ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് വിവിധ ഭക്തജന സംഘടനകളുടെയും പന്തളം കൊട്ടാരം നിർവാഹക സമിതിയുടെയും പിന്തുണയുണ്ട്

സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരായ സമരത്തിന്റെ മുഖ്യ കേന്ദ്രമാക്കി നിലക്കലിനെ മാറ്റുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. വിവിധ ഹിന്ദു സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന രാപ്പകൽ സമരത്തിന്റെ ആദ്യ ദിനത്തിൽ സ്ത്രീകളും കുട്ടികളും അടക്കുള്ളവർ ശരണം വിളികളുമായി പങ്കെടുത്തു.

നിലക്കൽ ഗോപുരത്തിന് സമീപം പർണശാലകെട്ടി ആരംഭിച്ച സമരം പുരോഗമിക്കുന്ന മുറക്ക് കൂടുതൽ പർണശാലകൾ നിർമിക്കാനാണ് തീരുമാനം

Full View

പത്തനംതിട്ടയിൽ ഇന്ന് വനിത സംഗമം

യുവതി പ്രവേശം അനുവദിക്കില്ലെന്നാണ് ശബരിമല സംരക്ഷണ സമിതിയുടെ നിലപാട്. പ്രതിഷേധത്തിൽ പങ്കാളിത്തം ഏറുന്ന സാഹചര്യത്തിൽ നിലയ്ക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഇന്ന് വനിത സംഗമവും നടക്കും. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിരോധമൊരുക്കാനാണ് സി.പി.എം ശ്രമം.

സ്ത്രീ പുരുഷ സമത്വം എന്ന മുദ്രാവാക്യമുയർത്തി ശബരിമല സ്ത്രീ പ്രവേശ വിഷയത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ നേരിടനാനാണ് സി.പി.എം ശ്രമം.

ഹിന്ദുസംഘടനകളുടെ സമരങ്ങളിലെ സ്ത്രീപങ്കാളിത്തത്തിന് വനിത സംഗമത്തിലൂടെ മറുപടി നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. പത്തനംതിട്ടയില്‍ തുടക്കമിടുന്ന വനിതാസംഗമം മറ്റ് ജില്ലകളിലും നടത്തും. പരമാവധി കുടുംബശ്രീ പ്രവര്‍ത്തകരെ വനിതാ സംഗമത്തില്‍ പങ്കെടുക്കാനും ശ്രമിക്കുന്നുണ്ട്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി വനിത സംഗമം ഉദ്ഘാടനംചെയ്യും. പത്തനംതിട്ട ജില്ലയില്‍ പലയിടങ്ങളിലും ശബരിമല വിഷയത്തില്‍ സ്ത്രികള്‍ തന്നെ സമരത്തിന് മുന്നിട്ടിറങ്ങിയിരുന്നു. കോൺഗ്രസും ഉം ബി.ജെ.പിയും ഇക്കാര്യത്തിൽ ഇതിനോടകം ജില്ലയിൽ പ്രതിഷേധ പരിപാടികൾ നടത്തിക്കഴിഞ്ഞു.

Full View

മുന്നൊരുക്കങ്ങൾ തൃപ്തികരം

അതിനിടെ ശബരിമല തീർത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങൾ തൃപ്തികരമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ ചേർന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ വിലയിരുത്തല്‍. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കണമെന്നും സ്ത്രീകൾ അടക്കമുള്ള തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ പി ബി നൂഹ് നിർദേശം നൽകി

തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഇതനുസരിച്ച് ബേസ് ക്യാമ്പ് ആയ നിലക്കലിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. ഇവിടെ കുടിവെള്ളത്തിന്റെ കരുതൽ ശേഖരം 40 ലക്ഷം ലിറ്ററിൽ നിന്ന് 65 ലക്ഷം ലിറ്ററായി ഉയർത്തും. വാഹന പാർക്കിംഗ് 15000 ൽ നിന്ന് 20000 വാഹനങ്ങളായി ഉയർത്തും. 500 ശുചി മുറികൾ കൂടി സജ്ജീകരിക്കും. സ്ത്രീ പ്രവേശന ഉത്തരവ് നടപ്പിലാക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കും

നിലക്കൽ പമ്പ റൂട്ടിൽ 150 കെ.എസ്.ആര്‍.ടി.സി ബസുകൾ ചെയിൻ സർവീസ് നടത്തും. കൂടുതൽ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. മിഷൻ ഗ്രീൻ ശബരിമല, തീർത്ഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സേഫ് സോൺ പദ്ധതി മുതലായവ ഇത്തവണയും ഉണ്ടാകും.

Full View
Tags:    

Similar News