കാസര്‍കോട് കേന്ദ്ര സർവ്വകലാശാല പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സര്‍വ്വകലാശാല അധികൃതരെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കാസര്‍കോട് കേന്ദ്ര സർവ്വകലാശാല പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയായ അഖില്‍ താഴത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തോടെ സർവ്വകലാശാലയിൽ വീണ്ടും വിദ്യാർത്ഥി സമരം തുടങ്ങി.
അഖിൽ താമസസ്ഥലത്ത് വെച്ച് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ അഖിലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലറെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അസഭ്യം പറഞ്ഞുവെന്നാണ് അഖിലിനെതിരെ ആരോപിച്ച കുറ്റം. ജൂണ്‍ 25നാണ് അഖിലിനെ അന്വേഷണ വിധേയമായി താല്‍കാലികമായി നീക്കം ചെയ്തത്. ജുലൈ 22 നും ആഗസ്ത് 16നും അന്വേഷണ സമിതിക്ക് മുന്‍പാകെ അഖില്‍ ഹാജരായിരുന്നെങ്കിലും പിന്നീട് പുറത്താക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലെ കുറിപ്പിന്റെ പേരിൽ വിദ്യാർഥിയെ പുറത്താക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവ്വകലാശാലയിൽ വിദ്യാർഥി സമരം നടന്നിരുന്നു. വിദ്യാർഥി സമരത്തിന് പിന്തുണയുമായി വിദ്യാർഥി യുവജന സംഘടനകൾ രംഗത്തെത്തി. ഇതോടെ എം.പിയുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്താൻ അധികൃതർ തയ്യാറായി. അഖിലിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കാനായിരുന്നു ചർച്ചയിൽ ധാരണ. എന്നാൽ നടപടി പുന:പരിശോധിക്കാൻ അധികൃതർ തയ്യാറായില്ല. ഇതാണ് അത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത് .
സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കെതിരെ വിവിധ സമയങ്ങളിലായി അഖില്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു. ഈ സമരങ്ങളിലെ പങ്കാളിത്തമാണ് അഖിലിനെ പുറത്താക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്.