ബ്രൂവറി വിവാദത്തില്‍ മുഖ്യമന്ത്രിക്കും കുരുക്ക്

2016ല്‍ ബ്രൂവറിക്ക് അനുമതി തേടിയ അപ്പോളോ കമ്പനിക്ക് മദ്യനയമനുസരിച്ച് അനുമതി നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേ കമ്പനിക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

Update: 2018-10-11 14:07 GMT
Advertising

ബ്രൂവറി വിവാദത്തില്‍ മുഖ്യമന്ത്രിക്കും കുരുക്ക്. ഒരിക്കല്‍ നിരസിച്ച അപേക്ഷ വീണ്ടും മുഖ്യമന്ത്രിക്ക് നല്‍കിയാണ് അപ്പോളോ ഡിസ്റ്റലറീസ് അനുമതി നേടിയത് എന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നു. അബ്കാരി നയം ചൂണ്ടിക്കാണിച്ചാണ് ആദ്യം അപേക്ഷ നിരസിച്ചത്. രണ്ടാമത്തെ അപേക്ഷ മുഖ്യമന്ത്രിക്ക് നല്‍കിയതോടെ നയം മാറ്റാതെ തന്നെ അനുമതി നല്‍കുകയായിരുന്നു.

എക്സൈസ് വകുപ്പ് ബ്രൂവറി തുടങ്ങാന്‍ അനുമതി നല്‍കിയ അപ്പോളോ ഡിസ്റ്റലറീസിന് ഈ സര്‍ക്കാര്‍ തന്നെ അനുമതി നിഷേധിച്ച രേഖ പുറത്ത്. അബ്കാരിനയം എതിരാണെന്ന് ചൂണ്ടിക്കാണിച്ചാണ് അപ്പോളോക്ക് അനുമതി നിഷേധിച്ചത്. ബ്രൂവറി അനുവദിക്കുന്നത് മദ്യനയവുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കുന്നതാണ് ഈ നടപടി. രണ്ടാമത് അപ്പോളോ അപേക്ഷ നല്‍കിയത് മുഖ്യമന്ത്രിക്കാണെന്ന വിവരം മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കും.

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത കമ്പനിയാണ് അപ്പോളോ ബ്രൂവറീസ്. ഇവര്‍ 2010ല്‍ 5ലക്ഷം ഹെക്ടോ ലിറ്റര്‍ ശേഷിയുള്ള ബ്രൂവറിക്കായി അപേക്ഷ നല്‍കി. ബ്രൂവറി അനുവദിക്കുന്നതിന് മദ്യനയം തടസമാണെന്ന് കാണിച്ച് 2013ലെ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. 2015ല്‍ അപ്പോളോ വീണ്ടും അപേക്ഷ നല്‍കി. ഈ അപേക്ഷ വിശദമായി പരിശോധിച്ച എക്സൈസ് വകുപ്പ് ബ്രൂവറിക്കുള്ള അനുമതി നിരസിച്ച് 2016ല്‍ ഉത്തരവിറക്കി. മദ്യനയത്തില്‍ മാറ്റം വരുത്തിയില്ല എന്നതാണ് കാരണമായി പറഞ്ഞത്.

ഇതേ കമ്പനിക്കാണ് ഈ വര്‍ഷം ജൂണില്‍ ബ്രൂവറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ നിലപാടിലെ വൈരുധ്യം പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്. ‌അപ്പോളോ രണ്ടാമത് അപേക്ഷ നല്‍കിയ മുഖ്യമന്ത്രിക്കായിരുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ച കമ്പനി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കുകയും അനുമതി നേടിയെടുക്കകയും ചെയ്തത് മുഖ്യമന്ത്രിയെയും വിവാദത്തിന്‍റെ പ്രതിസ്ഥാനത്താക്കി.

ബ്രൂവറി ഇടപാടില്‍ എക്സൈസ് മന്ത്രിയുടെ രാജിയും അന്വേഷണവും ആവശ്യപ്പെട്ട യു.ഡി.എഫ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

Full View
Tags:    

Similar News