വെള്ളം കയറാന്‍ സാധ്യത, ആദിവാസികളുടെ വീടുപണി തടഞ്ഞു; റിസോര്‍ട്ട് നിര്‍മ്മാണത്തിന് തടസമില്ല
ഈ റിസോര്‍ട്ടുകളിലേക്ക് വെള്ളം കയറിയതിനുശേഷമേ തങ്ങളുടെ താമസസ്ഥലത്തേക്ക് വെള്ളം എത്തൂ എന്നാണ് തോണിപ്പാടം കോളനിയിലെ ആദിവാസികള്‍ പറയുന്നത്.
വയനാട് കാരപ്പുഴ ഡാമിന്‍റെ പരിസരത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡാമിനോട് ചേര്‍ന്ന് വീട് വെക്കാന്‍ തറ പണിത ആദിവാസി കുടുംബങ്ങളുടെ വീടുപണി ഇറിഗേഷന്‍ വകുപ്പ് നേരത്തെ തടഞ്ഞിരുന്നു. വീട്ടിലേക്ക് വെള്ളം കയറാന്‍ സാധ്യത ഉള്ളതിനാലാണ് ആദിവാസികളുടെ വീടുപണി തടഞ്ഞത്. എന്നാല്‍ ഈ വീടുകളേക്കാള്‍ ഡാമിനോട് കൂടുതല്‍ അടുത്താണ് റിസോര്‍ട്ടുകള്‍ സ്ഥിതിചെയ്യുന്നത്.
കാരപ്പുഴ ഡാമിനോട് ചേര്‍ന്നുള്ള ഇറിഗേഷന്‍ ഭൂമിയില്‍ 5 പതിറ്റാണ്ടിലധികമായി താമസിക്കുന്നവരാണ് ഈ ആദിവാസി കുടുംബങ്ങള്‍. ഇതുവരെ ഇവരുടെ വീട്ടിലേക്ക് വെള്ളം കയറിയിട്ടില്ല. എന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ കുംടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നുമാണ് ഇറിഗേഷന്‍ വകുപ്പിന്‍റെ നിലപാട്. ഇറിഗേഷന്‍ വകുപ്പിന്‍റെ അനുമതിയില്ലാതെ ഐ.ടി.ടി.പി ഫണ്ട് ഉപയോഗിച്ച് പണി തുടങ്ങിയ വീടുകളുടെ നിര്‍മ്മാണം ഇറിഗേഷന്‍ തടഞ്ഞു.
സ്വന്തം കൈയില്‍നിന്നും പണമെടുത്ത് വീട് നിര്‍മ്മാണം തുടങ്ങിയ ആദിവാസികള്‍ കടത്തിലുമായി. ആദിവാസികള്‍ നിര്‍മ്മിക്കുന്ന വീടുകളെക്കാള്‍ ഡാമിനോട് ചേര്‍ന്നാണ് പുതിയ നിര്‍മ്മാണം നടക്കുന്നത്. ഈ റിസോര്‍ട്ടുകളിലേക്ക് വെള്ളം കയറിയതിനുശേഷമേ തങ്ങളുടെ താമസസ്ഥലത്തേക്ക് വെള്ളം എത്തൂ എന്നാണ് തോണിപ്പാടം കോളനിയിലെ ആദിവാസികള്‍ പറയുന്നത്.
ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന 227 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് തീരുമാനം. ഇതിനായി ഉള്ള വിവരശേഖരണം പൂര്‍ത്തിയായി. എന്നാല്‍ സ്ഥലം കണ്ടെത്തി പുനരധിവാസം നടത്താന്‍ സമയമെടുക്കും.