ശശിക്കെതിരായ സി.പി.എം നടപടി വൈകും
ഏകദേശം ഒരു മാസം മുമ്പാണ് സി.പി.എം നേതൃത്വത്തിന് പാലക്കാടുള്ള ഡി.വൈ.എഫ്.ഐ നേതാവ് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഒരു പരാതി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്.
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ സി.പി.എം നടപടി വൈകും. വനിത നേതാവ് നല്‍കിയ പരാതി പരിശോധിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതെ ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി പിരിഞ്ഞു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കുമെന്ന സി.പി.എം നേതൃത്വത്തിന്‍റെ പ്രഖ്യാപനം പാഴ് വാക്കായി.
ഏകദേശം ഒരു മാസം മുമ്പാണ് സി.പി.എം നേതൃത്വത്തിന് പാലക്കാടുള്ള ഡി.വൈ.എഫ്.ഐ നേതാവ് ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഒരു പരാതി സംസ്ഥാന നേതൃത്വത്തിന് നല്‍കിയത്. ഇത് അന്വേഷിക്കാന്‍ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചു. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അന്ന് നേതൃത്വം നല്‍കിയ വിശദീകരണം. എന്നാല്‍ ഒരു മാസത്തോളം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനോ ശശിക്കെതിരെ നടപടി സ്വീകരിക്കനോ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല.
ഇന്ന് ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗത്തിന്‍റെ പരിഗണനക്കും വിഷയം വന്നില്ല. ഇതോടെ നടപടി വൈകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പരാതി നല്‍കിയ പെണ്‍കുട്ടിയെ സ്വാധിനീച്ച് പിന്തിരിപ്പിക്കാന്‍ പി.കെ ശശിയുമായി അടുത്ത നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി പരാതിയില്‍ ഉറച്ച് നിന്നത് കൊണ്ടാണ് ആ ശ്രമങ്ങള്‍ അന്ന് പാഴായത്. നടപടി വൈകുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി പരാതി പുറത്ത് പറയുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.