ശബരിമല സ്ത്രീപ്രവേശം: സി.പി.എം യോഗങ്ങള്‍ ഇന്നു മുതല്‍

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തല്‍. യുവാക്കളും മതേതര സമൂഹവും സര്‍ക്കാരിനൊപ്പം നില്‍ക്കും

Update: 2018-10-14 04:28 GMT
Advertising

ശബരിമല സ്ത്രീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാട് പ്രതിരോധിക്കാന്‍ സി.പി.എം യോഗങ്ങള്‍ ഇന്നു മുതല്‍. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരേയുള്ള നീക്കം ചെറുക്കാന്‍ ശക്തമായ പ്രചരണ പരിപാടികള്‍ക്കാണ് സി.പി.എം തയ്യാറെടുക്കുന്നത്. വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ബാധ്യത ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങളെ പ്രതിരോധിക്കാനാണ് സി.പി.എം തീരുമാനം.

ശബരിമല പ്രതിഷേധം വളര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിരോധിക്കാനും നിലപാട് വിശദീകരിക്കാനും വിപുലമായ പ്രചരണ പരിപാടികള്‍ക്ക് സി.പി.എം നേതൃത്വം രൂപം നല്‍കിയത്. ഇന്ന് എല്ലാ ജില്ലകളിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ നടക്കും.

Full View

സസ്ഥാന സമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം, ശബരിമല സ്ത്രീ പ്രവേശനത്തിലെ പാര്‍ട്ടി നിലപാടുകളും യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യും. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ വരെ ഈ യോഗങ്ങളില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പങ്കെടുക്കുന്നത്.

അടുത്ത മൂന്നു ദിവസം ഏരിയാ കേന്ദ്രങ്ങളില്‍ ജനറല്‍ ബോഡികള്‍ ചേരും. നിലപാട് വിശദീകരിക്കാന്‍ പ്രാദേശിക തലത്തില്‍ കാല്‍നട പ്രചരണ ജാഥകളും കുടുംബ യോഗങ്ങളും നടത്താനാണ് സംസ്ഥാന സമിതി തീരുമാനിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ശബരിമല കേസിലെ സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ നിലപാടും വിശദീകരിക്കുന്ന ലഘുരേഖ വിതരണം ചെയ്യും. പോഷക സംഘടനകളിലെ വനിതാ പ്രവര്‍ത്തകരുടെ യോഗം വിളിക്കാനും തീരുമാനമുണ്ട്. മുന്നണി ഏറ്റെടുക്കുന്ന പ്രചരണ പരിപാടികള്‍ക്കു പുറമേയാണിത്.

ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തല്‍. യുവാക്കളും മതേതര സമൂഹവും സര്‍ക്കാരിനൊപ്പം നില്‍ക്കും. കോണ്‍ഗ്രസിന്റെ നിലപാട് മാറ്റം അവരെ ക്ഷീണിപ്പിക്കുമെന്നും ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നുമാണ് സി.പി.എം കണക്കു കൂട്ടുന്നത്.

Tags:    

Similar News