നിരോധനാജ്ഞക്കിടെ നിലക്കലിലും പമ്പയിലും ഇന്നും പ്രതിഷേധം
നിരോധനാജ്ഞ ലംഘിക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം വന്നു
നിരോധനാജ്ഞ നിലനില്‍ക്കുന്ന നിലക്കലിലും പമ്പയിലും ഇന്നും പ്രതിഷേധം. നിരോധനാജ്ഞ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയാണ് നിലക്കലില്‍ പ്രകടനം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. സന്നിധാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ നിരോധനാജ്ഞ നാളെ രാത്രി 12 വരെ തുടരും.
ഇന്നലെ ഉണ്ടായ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിലക്കലും സന്നിധാനവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിതറിയോടിയ പ്രതിഷേധകര്‍ പലരും പലമേഖലകളില്‍ തമ്പടിച്ചിരുന്നു. ഇവരാണ് ഇന്നും പ്രതിഷേധവുമായി എത്തിയത്. നിരോധനാജ്ഞ ലംഘിക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം വന്നു.
ശരണംവിളിയോടെ കുത്തിയിരുന്ന ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. പമ്പയുള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിഷേധക്കാര്‍ തങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.